പേരാമ്പ്ര: കഴിഞ്ഞ ദിവസം വിള്ളലുണ്ടായതിനെ തുടർന്നു ജലച്ചോർച്ച ഉണ്ടായ ചവറംമൂഴി നീർപ്പാലത്തിന്റെ തകരാർ പരിഹരിക്കാൻ കഠിനാധ്വാനവുമായി കുറ്റ്യാടി ജലസേചന വകുപ്പ്. ജലം പുറത്തേക്കു ചാടുന്ന ദ്വാര ഭാഗത്ത് തകിട് ഷീറ്റ് സ്ഥാപിച്ച് മണൽചാക്ക് അട്ടിയിട്ട് അമർത്തിവച്ചിട്ടുണ്ട്. ഇതോടെ ലീക്ക് നിയന്ത്രണ വിധേയമായിരിക്കുകയാണ്. വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണു പ്രവർത്തി നടത്തിയത്.
അക്വഡക്ടിൽ ഉണ്ടായ ചോർച്ച താല്കാലികമായി നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് ഇന്നലെ സ്വീകരിച്ചത്. ചവറമുഴിയിലേത് പ്രഷർ അക്വഡക്ട് ആയതിനാൽ വെള്ളം നിയന്ത്രിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. വെള്ളം പുർണ്ണമായി നിർത്തി ചോർച്ച അടച്ചാൽ ജലവിതരണം സാധാരണ നിലയിലേക്കെത്തിക്കുവാൻ ദിവസങ്ങളെടുക്കും .
വടകര മേഖലയിൽ വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കനാൽ അടയ്ക്കുന്നത് ജലസേചന -കുടിവെള്ള ദൗർലഭ്യo രൂക്ഷമാക്കും. അതു കൊണ്ടാണു ചോർച്ച തടയുന്നതിന് താല്കാലിക സംവിധാനം സ്വീകരിച്ചത്. വരും ദിവസങ്ങളിലും പരിശോധനകളും നിരീക്ഷണവും കർശനമായി തുടരുമെന്നു ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.