കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഐഎസ് എന്നു സംശയിക്കുന്ന സംഘം നടത്തിയ കാർ ബോംബ് സ്ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. ലോഗാർ പ്രവിശ്യയിലായിരുന്നു സംഭവം. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താലിബാനുമായി വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ നിഷേധിച്ചു. എന്നാൽ, ഐഎസ് ഇത് സംബന്ധിച്ചു പ്രതികരിച്ചിട്ടില്ല. ചാവേർ ബോംബ് ആക്രമണമായിരുന്നെന്നു ലോഗാർ ഗവർണറുടെ വക്താവ് ദെദർ ലവാംഗ് പറഞ്ഞു.
ഗവർണറുടെ ഓഫീസിനു സമീപമാണ് ആക്രമണം ഉണ്ടായത്. മൂന്നു ദിവസത്തെ വെടിനിർത്തൽ കരാറാണ് താലിബാനുമായി സർക്കാർ ഒപ്പിട്ടത്. വെള്ളിയാഴ്ചയാണ് കരാർ നിലവിൽ വരുന്നത്.