പെഷവാർ: പാക്കിസ്ഥാനിൽ ഇന്നലെ നബിദിനാഘോഷത്തിനിടെ രണ്ടു മോസ്കുകളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു; അന്‍പതിലധികം പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തൂംഗിലുണ്ടായ സ്ഫോടനത്തിൽ 52ഉം ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ പെഷവാറിനടുത്തുണ്ടായ സ്ഫോടനത്തിൽ നാലു പേരുമാണു കൊല്ലപ്പെട്ടത്.
മസ്തൂംഗിലെ മദീന മോസ്കിൽ ജനങ്ങൾ നബിദിനാഘോഷ പരിപാടികൾക്ക് ഒത്തുചേരവേ ചാവേർ ആക്രമണം ഉണ്ടാവുകയായിരുന്നു.
ചാവേറിനെ തടയാൻ ശ്രമിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവാസ് ഖഷ്കോരിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാറിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്.
ഇതിന് മണിക്കൂറുകൾക്കകമാണ് ഖൈബർ പക്തൂൺഖ്വായിൽ പെഷവാറിനടുത്ത് ഹംഗുവിൽ സ്ഫോടനമുണ്ടായത്. പോലീസ് സമുച്ചയത്തിന്റെ ഭാഗമായ മോസ്കിലായിരുന്നു സ്ഫോടനം.
മോസ്കിന്റെ മേൽക്കൂര തകർന്നു. അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയതായി സംശയിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ രണ്ടു സ്ഫോടനങ്ങളിലും മരണസംഖ്യ ഉയർന്നേക്കും. ബലൂചിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരസംഘടനയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിനും സാന്നിധ്യമുള്ള ബലൂചിസ്ഥാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല.
തങ്ങൾക്കു പങ്കില്ലെന്ന് പാക് താലിബാൻ അറിയിച്ചിട്ടുണ്ട്. മസ്തൂംഗിലെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡറെ ഭീകരവിരുദ്ധസേന വധിച്ചതിന്റെ പിറ്റേന്നാണു സ് ഫോടനം ഉണ്ടായിരിക്കുന്നത്.