ടി.ജി. ബൈജുനാഥ്
വ്യത്യസ്തതയെന്നു സത്യസന്ധമായി പറയാവുന്ന തരത്തിലുള്ള വേഷങ്ങളാണ് ഈ അടുത്ത കാലത്തു കുഞ്ചാക്കോ ബോബനെ തേടിവരുന്നത്. പ്രേക്ഷക പ്രതീക്ഷയ്ക്കപ്പുറമുള്ള കഥാപാത്രങ്ങള്‍, വേഷപ്പകര്‍ച്ചകള്‍. ലുക്കിലും കഥാപാത്രസ്വഭാവത്തിലും പ്രകടമായ മാറ്റമാണ് പുതിയ റിലീസ് ചാവേറിലെ അശോകനിലും കാണാനാകുന്നത്.
അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നു നിര്‍മിച്ച ചാവേറിന്റെ വിശേഷങ്ങളും മാറ്റങ്ങളുടെ ഈ ഘട്ടത്തില്‍ നടനെന്ന രീതിയിലുള്ള സ്വയം വിലയിരുത്തലുകളും പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ.
ചാവേര്‍പ്പടയുടെ കഥ
പേരുപോലെതന്നെ ഒരു ചാവേര്‍പ്പടയുടെ കഥയാണ്. പൊളിറ്റിക്കല്‍ ത്രില്ലറിൽ ഒതുങ്ങുന്ന സിനിമയല്ല. രാഷ്ട്രീയം പറയുന്നതിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും മാനുഷികതയുടെയും പല തലങ്ങളും തൊട്ടുപോകുന്നുണ്ട്. ഞാൻ, കെ.യു.മനോജ്, സജിന്‍ ഗോപു, ആർജെ അനുരൂപ് എന്നിവരാണ് ചാവേറുകളാകുന്നത്.
ആക്ഷന്‍ ത്രില്ലറാണെങ്കിലും വയലന്‍സിനെ മഹത്വവത്കരിക്കുന്നില്ല. ഞാനിതുവരെ ചെയ്ത തരത്തിലുള്ള കഥാപാത്രമല്ല ചാവേറിലെ അശോകന്. ഇതുവരെ കണ്ടിട്ടുള്ള പ്രമേയവുമല്ല. ടിനു പാപ്പച്ചൻ എന്ന ക്രിയേറ്ററിന്റെ തിയറ്റർ അനുഭവം സമ്മാനിച്ച സിനിമകള്‍. ജോയ് മാത്യുവിന്റെ കരുത്തുറ്റ രചനകള്‍. ഈ കോമ്പിനേഷന്‍ ആദ്യമായാണ്. ഈ ടീമില്‍ ഞാന്‍ വന്നതും ആദ്യമായാണ്. എല്ലാവരും സിനിമയോട് അഭിനിവേശമുള്ളവർ.
ടിനു- ജോയ് മാത്യു കോമ്പിനേഷന്‍ ഏതൊരഭിനേതാവിനും എക്സൈറ്റിംഗാണ്. അതിൽ ഞാന്‍ കംഫര്‍ട്ടബിളായിരുന്നു. ജോയ്മാത്യുവിൽനിന്നു രൂപപ്പെട്ട കഥാപാത്രമാകുന്നതിന്റെ ആവേശം വേറെയും. പക്ഷേ, വെല്ലുവിളികളുണ്ടായിരുന്നു. ഈ കോമ്പിനേഷനിലുള്ള പ്രതീക്ഷ തന്നെയാണ് ആദ്യത്തെ വെല്ലുവിളി.
ആന്റണി, അർജുൻ, ചാക്കോച്ചന്
ആന്റണിയും അര്‍ജുനും ഞാനുമുള്‍പ്പെട്ട കോന്പിനേഷനും ആദ്യമാണ്. സിനിമയോടുള്ള വലിയ ആഗ്രഹം കൊണ്ടും സ്നേഹം കൊണ്ടും ഇവിടെയെത്തിയവർ. അങ്ങനെയുള്ളവരുമായി ഞാന്‍ പെട്ടെന്നു വൈബിലെത്തും. തിരിച്ചുവരവില്‍ എനിക്കും അത്തരം മൈന്‍ഡ് സെറ്റായിരുന്നു.
സിനിമയെ കൂട്ടായ പ്രയത്നമായി കണ്ട് ഒപ്പം നില്ക്കുന്നവര്. ടിനുവിന്റെ പടത്തിലെ മുന്‍പരിചയം നോക്കിയാല്‍ അവരാണ് എന്റെ സീനിയേഴ്സ്! ഭക്ഷണം, യാത്രകള്‍, കാറുകള്‍….ഞങ്ങളെ കണക്ട് ചെയ്യുന്ന പലതുമുണ്ട്. ഒപ്പം, സിനിമയ്ക്കപ്പുറമുള്ള സൗഹൃദങ്ങളും.
പരിക്കേറ്റ് ഷൂട്ടിംഗ് മുടങ്ങി
ടിനു എന്ന ആക്ഷൻ ഫിലിം ഡയറക്ടറുടെ മികവ് സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരത്തിലും കണ്ടതാണ്. അത്തരത്തിലുള്ള ഫൈറ്റ് സീക്വന്‍സോ ത്രില്ലിംഗ് സന്ദർഭങ്ങളോ അല്ല ചാവേറില്‍. ഇതിൽ എന്നെ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്ഷന്‍ മൂഡില്‍ കാണാനാവും. ഫൈറ്റ് സീക്വന്‍സിനിടെ എനിക്കു വലതു തോളില്‍ വലിയ പരിക്കുപറ്റി ഒന്നര മാസം ഷൂട്ടിംഗ് മുടങ്ങി.
“ന്നാ താന്‍ കേസ് കൊട്’ സിനിമയിൽ കൊഴുമ്മല്‍ രാജീവനാകാന് മേക്കപ്പില്‍ ഏറെ പ്രയത്നം വേണ്ടിവന്നു. ഇതിലെ അശോകനെ മേക്കപ്പും മറ്റുമില്ലാതെ സ്വാഭാവികമായി ചെയ്യാമെന്നു ഞാന്‍ പറഞ്ഞു.പക്ഷേ, വേറെ രീതിയിലാണ് ടിനു അശോകനെ മനസിൽ കണ്ടിരുന്നത്.
അതിനുവേണ്ടി 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ടേറ്റതിന്റെയും മുറിവുകള്‍ ഉണ്ടായതിന്റെ പാടുകൾ വരുത്തി. കൂടാതെ കണ്ണില്‍ ലെന്‍സും. ദിവസം ഒന്നര മണിക്കൂറോളം മേക്കപ്പ് ചെയ്താണ് അശോകനായത്.
മാറ്റങ്ങള്‍ക്കൊപ്പം
ആദ്യസിനിമയില്‍ത്തന്നെ വിജയനായകനാവുകയും ഇടക്കാലത്ത് ഒരിടവേളയ്ക്കു ശേഷം തിരിച്ചുവന്നപ്പോള്‍ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കണമെന്ന തിരിച്ചറിവില്‍ അതിനുവേണ്ടി ക്ഷമയോടെ ശ്രമിക്കുകയും ചെയ്തു. തുടക്കക്കാരന് എന്ന നിലയില്‍ തന്നെയാണ് രണ്ടാമതു വന്നത്.
ഒരഭിനേതാവെന്ന രീതിയില്‍ അടയാളപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. അവസരങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ആളുകളെ സമീപിക്കാറുണ്ട്. ഇതുവരെ കാണാത്ത കഥാപാത്രങ്ങളും സിനിമകളും എന്നെവച്ചു ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. അതില്‍ പലതും റെഡിയാകുന്നുണ്ട് എന്നതാണ് സന്തോഷം.
ഭാഗ്യം, ക്ഷമ, അധ്വാനം
ഈ ഘട്ടത്തില്‍, ഞാന്‍ മലയാള സിനിമയുടെ എക്സൈറ്റിംഗ് സോണിലാണെന്നു വിശ്വസിക്കുന്നു. ഇതൊരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. 26 വര്‍ഷമായി സിനിമയില്‍ തുടരുകയാണ്. അതിനു പിന്നില്‍ ഭാഗ്യം, ക്ഷമ, അധ്വാനം… പല ഘടകങ്ങളുണ്ട്.
കംഫര്‍ട്ട് സോണില്നിന്നുമാറി ഇത്തരം എക്സൈറ്റിംഗ് കഥാപാത്രങ്ങളും സിനിമകളും ചെയ്യുമ്പോള്‍ അതുതന്നെ കംഫര്‍ട്ടായി തോന്നുന്നു, എന്ജോയ് ചെയ്യുന്നു. അതാണു മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകാനുള്ള ഊര്‍ജം. ഒപ്പം, പ്രേക്ഷക പിന്തുണയും. ഇതൊരു തുടര്‍ച്ചയാകട്ടെ. വ്യത്യസ്തവും ആവേശജനകവും വെല്ലുവിളികള്‍ ഉള്ളതുമായ കഥാപാത്രങ്ങളും സിനിമകളും ചെയ്യാനാകട്ടെ.
വീണ്ടും കൊഴുമ്മല്‍ രാജീവന്
എസ്രയ്ക്കു ശേഷം ജെയ്കെ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ഞാനും സുരാജും പിന്നെ കാഴ്ചബംഗ്ലാവില്നിന്നൊരു സിംഹവും അതിലുണ്ട്. കുട്ടികളും കുടുംബ പ്രേക്ഷകരും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫണ്‍ സിനിമയാണത്.
മറ്റൊന്ന് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത ചിത്രം. അതില്‍ കൊഴുമ്മല്‍ രാജീവന്റെ വേഷത്തില്‍ വീണ്ടും അഭിനയിച്ചു. കാമിയോ റോളാണ്. അതും രസകരമായ ഫണ്‍ ഫിലിമാണ്. ഷൂട്ടിംഗ് തുടങ്ങുന്നത് മാര്ട്ടിന് പ്രക്കാട്ട്-രതീഷ് പൊതുവാള് സിനിമ. ബിജു മേനോനും അതിലുണ്ട്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയും കമിറ്റ് ചെയ്തിട്ടുണ്ട്.