ബാഴ്സലോണ: ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ഞായറാഴ്ച സെവിയ്യയ്ക്കെതിരേയുള്ള മത്സരമാകും ബാഴ്സ പരിശീലകനായുള്ള ചാവിയുടെ അവസാന മത്സരം.
2024-25 സീസണിൽ ചാവി തുടരില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട അറിയിച്ചു. ബയേണ്‍ മ്യൂണിക് മുൻ പരിശീലകൻ ഹാൻസി ഫ്ളിക് ബാഴ്സയുടെ പുതിയ പരിശീലകനാകും. 2026 വരെയാണ് ഫ്ളിക്കുമായുള്ള കരാർ എന്നാണ് സൂചന.
2021ലാണ് ചാവി ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 സീസണിൽ ബാഴ്സലോണയെ ലാ ലിഗ ചാന്പ്യന്മാരാക്കിയ ചാവിക്ക് ഈ സീസണിൽ ട്രോഫികളൊന്നും നേടിക്കൊടുക്കാനായില്ല.
ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന് ചാവി ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏപ്രിലിൽ ചാവിയും ലാപോർട്ടയും നടത്തിയ ചർച്ചയിൽ അദ്ദേഹം പരിശീലകനായി 2025 ജൂണ്‍ വരെ തുടരുമെന്ന് കരാറായിരുന്നു.