ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലകസ്ഥാനത്തുനിന്നു റോണൾഡ് കൂമൻ പുറത്ത്. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ എവേ പോരാട്ടത്തിൽ റയോ വയ്യക്കാനോയോട് 1-0നു പരാജയപ്പെട്ടതിനു പിന്നാലെയാണു കൂമനെ പുറത്താക്കിയതായുള്ള അറിയിപ്പ് എത്തിയത്.
സെർജി ബർഹ്വനെ ഇടക്കാല പരിശീലകനായും ബാഴ്സ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട നിയമിച്ചു.14 മാസം മാത്രം നീണ്ട ബാഴ്സ പരിശീലകക്കുപ്പായത്തിൽ കൂമന് ഒരു കപ്പ് മാത്രമാണു സ്വന്തമാക്കാൻ സാധിച്ചത്. ലാ ലിഗയിൽ 10 മത്സരം പൂർത്തിയാക്കി 15 പോയിന്റുമായി ഒന്പതാം സ്ഥാനത്താണു ബാഴ്സ.
മെസിയുടെ ഇഷ്ടം
കൂമനു പകരം ബാഴ്സ മുൻ താരംകൂടിയായ ചാവി ഹെർണാണ്ടസ് മാനേജർ സ്ഥാനത്ത് എത്തും. ബാഴ്സലോണയിൽനിന്നുപടിയിറങ്ങേണ്ടിവന്ന അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബിന്റെ മാനേജർ സ്ഥാനത്തേക്കു നിർദേശിച്ച ആളാണു ചാവി. ചാവി ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തതായാണു സൂചന.
തിങ്കളാഴ്ച ബാഴ്സലോണയിലെ വീട്ടിലെത്തിയ ചാവിയുമായി ക്ലബ് പ്രസിഡന്റ് ലാപോർട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തർ ക്ലബ്ബായ അൽ സദിന്റെ മാനേജർ സ്ഥാനത്തുനിന്നു ചാവിയെ ഒഴിവാക്കും. ബാഴ്സയുടെ പരിശീലകനാകുക എന്നതു തന്റെ സ്വപ്നമാണെന്നു ചാവി നേരത്തേ പറഞ്ഞിട്ടുണ്ട്.
ബാഴ്സയ്ക്കൊപ്പം 8 ലാ ലിഗയും, 4 ചാന്പ്യൻസ് ലീഗും ഉൾപ്പെടെ 25 കിരീടങ്ങൾ ചാവി സ്വന്തമാക്കിയിട്ടുണ്ട്. 2015ൽ അൽ സദിൽ എത്തിയ ചാവി, 2019ൽ ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തു. ചാവിയുടെ കീഴിൽ ഏഴു കിരീടവും അൽ സദ് സ്വന്തമാക്കി.
ഈ സീസണിൽ ഏഴു മത്സരങ്ങളിൽ ഏഴിലും ജയം നേടി. തുടർച്ചയായ 34 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് അൽ സദ്.