ഒഴിവുദിനമായതുകൊണ്ട് നേരംപോക്കിനായി
ഇതു വായിച്ചേക്കാമെന്നു വിചാരിക്കരുത്. നിരാശരാകും.
മുക്കിക്കൊല്ലാൻ ശ്രമിച്ചിട്ടും കടലിൽ താഴാതെപോയവരുടെ
കഥയാണിത്. ഗർഭപാത്രത്തിലിട്ട് കൊല്ലാക്കൊല ചെയ്തിട്ടും
ജീവനോടെ പുറത്തുവന്നവർ. അംഗപരിമിതരും നിത്യരോഗികളുമായ അവർക്ക് ഇത്തിരി സഹായം ചോദിച്ചുകൊണ്ട് ഫെബ്രുവരി അവസാനം അമേരിക്കൻ സെനറ്റിൽ നിയമനിർമാണത്തിന് ഒരു പ്രമേയം വന്നു. 44നെതിരേ 53 വോട്ടിന് സംഗതി കുട്ടയിലിട്ടു, കഷണങ്ങളാക്കിയ ഒരു കുഞ്ഞുശരീരംപോലെ. ഗർഭഛിദ്രം വീണ്ടും ചർച്ചയാകുന്നു, കൊന്നിട്ടും
മരിക്കാത്ത കുഞ്ഞുങ്ങളുടെ സങ്കടങ്ങളും.
പരാജയപ്പെട്ട ആ നിയമനിർമാണത്തിന്റെ ഗൗരവം മനസിലാക്കാൻ ചിലരെ പരിചയപ്പെടാം.
ജിയാന ജെസെൻ.
ലോസ്ആഞ്ചലസ് സ്വദേശിനി.
പ്രായം 42.
ഗർഭഛിദ്രത്തിലൂടെ ജിയാനയെ ഇല്ലാതാക്കാൻ ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ അമ്മ ആവുന്നതൊക്കെ ചെയ്തതാണ്. കോളജ് പഠനകാലത്താണ് ഏഴു മാസമുണ്ടായിരുന്ന ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കാൻ അവർ ആശുപത്രിയിലെത്തിയത്. ഗർഭഛിദ്ര വിദഗ്ധൻ കുത്തിവച്ചത് സലൈൻ സൊല്യൂഷനാണ്. എന്നുവച്ചാൽ ഉപ്പ്, ഡയോക്സിൻ, പൊട്ടാസ്യം ക്ലോറൈഡ്, പ്രോസ്റ്റാഗ്ലാൻഡൈൻ എന്നിവ കൂട്ടിച്ചേർത്ത മിശ്രിതം.
ഗർഭപാത്രത്തിൽ പ്രവേശിച്ചാലുടനെ ഈ വിഷം കുഞ്ഞിനെ പൊതിയും. അകവും പുറവുമെല്ലാം പൊള്ളിക്കും. തൊലി ഉരുക്കും. ഒരു മണിക്കൂർ സമയം ഡോക്ടർ അനുവദിക്കും. അതിനകം മാതൃഗർഭത്തിൽ ഒരുക്കിയ ഈ ചാവുകടലിൽ കിടന്ന് നിസഹായാവസ്ഥയിൽ പിടയുന്ന കുഞ്ഞ് മരിച്ചുകൊള്ളും. 24 മണിക്കൂർ കഴിയുന്പോൾ അമ്മ നോവാതെ പ്രസവിക്കും. സ്വന്തം കുഞ്ഞിന്റെ മൃതദേഹത്തെ. അതാണ് സംഭവിക്കേണ്ടത്.
പക്ഷേ, ജിയാന മരിച്ചില്ല. സലൈൻ സൊല്യൂഷനെന്ന ചാവുകടലിൽ ഒരു മണിക്കൂറല്ല, ഒരു ദിവസം മുഴുവൻ അവൾ പൊരുതിനിന്നു. അമ്മ പ്രസവിച്ചു. പൊള്ളിപ്പൊളിഞ്ഞ് ജീവച്ഛവമായി ജിയാനയെന്ന പെണ്കുഞ്ഞ് പുറത്തുവന്നു. ഒരു കിലോ തൂക്കമുള്ള കുട്ടി.
അബോർഷനിസ്റ്റ് സ്ഥലത്തില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ അമ്മയുടെ ഉദരത്തിൽവച്ചു കൊല്ലാൻ പറ്റാതിരുന്ന കുഞ്ഞിനെ പുറത്തുവന്ന നിമിഷത്തിൽ അയാൾ കൈകാര്യം ചെയ്തേനേ. ജിയാനയെ ആശുപത്രിയിലേക്കു മാറ്റി. പ്രാണവായു കിട്ടാതെ തലച്ചോറുവരെ തകർക്കപ്പെട്ട കുഞ്ഞിനു സെറിബ്രൽ പാൾസിയായി. തലച്ചോറിനെ ബാധിക്കുന്ന തളർവാതം.
അമ്മയ്ക്കു വേണ്ടാത്ത മകളെ ഡയാന ഡി പോൾ എന്ന വനിത ദത്തെടുത്തു. സാധ്യമായ ചികിത്സകളെല്ലാം നല്കി പൊന്നുപോലെ വളർത്തി. നാലു വയസായപ്പോൾ ഉപകരണങ്ങളുടെ സഹായത്താൽ ആ അമ്മയുടെ കൈപിടിച്ച് ജിയാന നടക്കാൻ തുടങ്ങി. ഇപ്പോഴും നടക്കുന്പോൾ മുടന്തുണ്ട്. ജിയാന ഒന്നുമറിയാതെ ഡയാനയുടെ മകളായി വളർന്നു. പക്ഷേ, ജിയാനയ്ക്കു 14 വയസായപ്പോൾ ഡയാന കാര്യങ്ങൾ തുറന്നു പറഞ്ഞു.
17 വയസുകാരിയായിരുന്നു ജിയാനയുടെ അമ്മയെന്നും ഗർഭഛിദ്രം നടത്തിയിട്ടും ജീവനോടെ പിറന്നപ്പോൾ താൻ ദത്തെടുത്തതാണെന്നും അവർ വ്യക്തമാക്കി. ജിയാന സ്വന്തം അമ്മയെ കണ്ടെത്തി. അവരോടു ക്ഷമിച്ചു. പക്ഷേ, അവരുമായി ഒന്നിച്ചുജീവിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ ജിയാന വളർത്തമ്മയോടൊപ്പമാണ് ജീവിക്കുന്നത്.
ജിയാന ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് പ്രവർത്തകയാണ്. അവളുടെ ആദ്യകാല ജീവിതത്തെയും അതിജീവനത്തെയുംകുറിച്ച് റിപ്പോർട്ട് ചെയ്ത ന്യൂയോർക്ക് ടൈംസ് ജിയാനയെ വിശേഷിപ്പിച്ചത് ഗർഭഛിദ്രത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ പോസ്റ്റർ ഗേൾ എന്നാണ്. വിവിധ രാജ്യങ്ങളിൽ ഗർഭഛിദ്രത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ അവൾ പങ്കെടുക്കുന്നു.
സ്ത്രീകളുടെ അവകാശത്തിന്റെ ഭാഗമാണ് അബോർഷനെന്നു പറയുന്നവരോട് ജിയാന ചോദിക്കുന്നത് അപ്പോൾ ഇരയായ തനിക്ക് യാതൊരു അവകാശവുമില്ലേയെന്നാണ്. “അബോർഷനെ അനുകൂലിക്കുന്നവർക്ക് അത് അവകാശമാണെന്നും രാഷ്ട്രീയ തീരുമാനമാണെന്നും പറഞ്ഞ് ന്യായീകരിക്കുന്നത് വളരെ സൗകര്യപ്രദമാണ്. പക്ഷേ, ഞാൻ ഒരു അവകാശമല്ല, ഒരു മനുഷ്യജീവിയാണ്.”
മെലീസ ഓഡൻ
മരിച്ചെന്നു കരുതി വേസ്റ്റ് പാത്രത്തിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന ശരീരമായിരുന്നു മെലീസയുടേത്. ചെറിയൊരു അനക്കവും ശബ്ദവും കേട്ട് ആശുപത്രി ജീവനക്കാർ എടുത്തതുകൊണ്ട് രക്ഷപ്പെട്ടു. മെലീസയുടെ അമ്മ കോളജ് വിദ്യാർഥിനിയായിരിക്കെ 19 വയസിലാണ് അബോർഷന് വിധേയയായത്. അഞ്ചുമാസമെന്നു കരുതിയാണ് ചെന്നതെങ്കിലും കുഞ്ഞിന് അപ്പോൾ ഏഴുമാസം വളർച്ചയെത്തിയിരുന്നു. മുന്പു പറഞ്ഞതുപോലെ സലൈൻ സൊല്യൂഷൻ കുത്തിവച്ചു.
പക്ഷേ, മെലീസയെയും കൊല്ലാനായില്ല. പിറ്റേന്നു പ്രസവിച്ചത് ജീവന്റെ ലക്ഷണങ്ങൾ തീരെയില്ലാത്ത ഒരു പെണ്കുഞ്ഞിനെ. അവരതിനെ വേസ്റ്റ് പാത്രത്തിൽ നിക്ഷേപിച്ചു. കുറെ കഴിഞ്ഞ് എന്തോ അനങ്ങുന്നതുകണ്ട് ആശുപത്രിജീവനക്കാർ മരണാസന്നയായ ആ കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി.
1977-ൽ അമേരിക്കയിലെ ലോവയിലായിരുന്നു സംഭവം. അമ്മയ്ക്ക് ആവശ്യമില്ലാത്ത മെലീസയെ ഒരു കുടുംബം ദത്തെടുത്തു. ദത്തെടുക്കപ്പെട്ടവളാണ് താനെന്ന് അറിയാമായിരുന്നെങ്കിലും അബോർഷന് ശ്രമിച്ചിട്ടും മരിക്കാത്തയാളാണ് താനെന്ന് അറിഞ്ഞത് 14-ാമത്തെ വയസിലാണ്. അതറിഞ്ഞ് അവൾ തകർന്നുപോയി. പിന്നെ അമ്മയെ തേടി കണ്ടുപിടിക്കണമെന്ന് ആഗ്രഹമായി. കണ്ടുപിടിച്ചു. പൂർണമായും ക്ഷമിച്ചു. മെലീസ എഴുതിയ പുസ്തകമാണ് യു കാരീഡ് മി: എ ഡോട്ടേഴ്സ് മെമയർ.
മെലീസയ്ക്കും ഭർത്താവ് റയാനും രണ്ടു മക്കളാണ്. തന്നെ ഗർഭഛിദ്രം നടത്താൻ അമ്മ കിടന്ന അതേ ആശുപത്രിയിൽ വച്ചാണ് മെലീസ തന്റെ മകൾ ഒലീവിയയെ പ്രസവിച്ചത്.
പ്രോലൈഫ് സന്നദ്ധസംഘടനയായ ഫെമിനിസ്റ്റ്സ് ഫോർ ലൈഫിന്റെയും അബോർഷൻ സർവൈവേഴ്സ് നെറ്റ് വർക്കിന്റെയും പ്രവർത്തകയായ മെലീസ പറയുന്നതുകൂടി കേൾക്കുക: ‘മറ്റൊരാളുടെ ജീവൻ ഇല്ലാതാക്കിക്കൊണ്ടുള്ള സ്ത്രീ ശാക്തീകരണത്തിന്റെ അർഥമെന്താണെന്ന് എനിക്കു മനസിലാകുന്നില്ല. അതിലെന്തോ പിശകുണ്ട്.’
അബോർഷനെ അനുകൂലിക്കുന്നവരെല്ലാം പറയുന്ന ന്യായമാണ് അമ്മയുടെ അവകാശം. അതേ അവകാശത്തിന്റെ നിലപാടുതറയിൽനിന്നുകൊണ്ടുതന്നെയാണ് മെലീസ ചോദിക്കുന്നത്, ആ അവകാശം ഞങ്ങൾക്കു ബാധകമല്ലേ?
നിക് ഹൂട്ട്
2013-ൽ അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തെ സ്റ്റേറ്റ് റെസ്ലിംഗ് ചാന്പ്യൻഷിപ്പിൽ വിജയങ്ങൾ കൊയ്ത് വാർത്തകളിൽ സ്ഥാനം പിടിച്ചയാളാണ് നിക് ഹൂട്ട്. സീസണിലെ 35 മത്സങ്ങളിൽ 24ലും വിജയിച്ച നിക് ലോകത്തിന് അദ്ഭുതമായിരുന്നു. കാരണം അയാൾ സാധാരണക്കാരനായിരുന്നില്ല. രണ്ടു കാലുകളും കൈവിരലുകളും ഇല്ലാതെയാണ് അദ്ദേഹം എതിരാളികളെ മലർത്തിയടിച്ചത്. റഷ്യയിലെ സൈബീരിയയിൽ അബോർഷൻ നടത്താനുള്ള ശ്രമത്തെ അതിജീവിച്ചയാളാണ് അദ്ദേഹം. ഗർഭഛിദ്രം നടത്തുന്നതിനിടെ കുഞ്ഞുനിക്കിന്റെ രണ്ടു കാലുകളും കൈവിരലുകളും ഡോക്ടർ മുറിച്ചെടുത്തു. പക്ഷേ, മരിച്ചില്ല.
അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള മാർവിൻ-ഏപ്രിൽ ദന്പതികളാണ് നിക്കിനെ ദത്തെടുത്തത്. രണ്ടു വയസുളളപ്പോൾ അവനു കൃത്രിമക്കാലുകൾ പിടിപ്പിച്ചു. മൂന്നു മക്കളുള്ള ദന്പതികൾ വിവിധ രാജ്യങ്ങളിൽനിന്നായി ആറുപേരെ ദത്തെടുത്തു. ആറുപേരും അംഗവിഹീനർ. അതിലൊരാളാണ് നിക്. ഗുസ്തി മത്സരത്തിൽ മാത്രമല്ല ബാസ്കറ്റ് ബോളിലും ഫുട്ബോളിലും ബേസ്ബോളിലും മികവു തെളിയിച്ചുകഴിഞ്ഞു.
ജനിച്ചാലും മരണവാറണ്ട്
ജിയാനയെയും മെലീസയെയും നിക്കിനെയുംപോലെ ഗർഭഛിദ്രത്തിനുശേഷവും മരിക്കാത്ത കുഞ്ഞുങ്ങൾക്കുവേണ്ടിയായിരുന്നു അമേരിക്കയിലെ ഒരു വിഭാഗം നിയമം പാസാക്കാൻ ശ്രമിച്ചത്. എഴുത്തുകാരനും പ്രഫസറും വിദ്യാഭ്യാസ വിചക്ഷണനും നെബ്രാസ്കയിൽനിന്നുള്ള സെനറ്റ് അംഗവുമായ ബെഞ്ചമിൻ ഇ. സാസിയാണ് കഴിഞ്ഞദിവസം ‘ബോണ് എലൈവ് അബോർഷൻ സർവൈവേഴ്സ് പ്രൊട്ടക്ഷൻ ആക്റ്റ് 2019’ അവതരിപ്പിച്ചത്.
അബോർഷൻ ശ്രമം നടത്തിയശേഷവും ജനിക്കുന്ന കുഞ്ഞിന് എല്ലാവിധ വൈദ്യസഹായവും നല്കണമെന്നും അതിനു വിസമ്മതിക്കുന്ന ഡോക്ടർക്ക് അഞ്ചു വർഷം വരെ തടവുശിക്ഷ നല്കണമെന്നുമായിരുന്നു ബിൽ വ്യവസ്ഥ ചെയ്തിരുന്നത്. സ്ഥലത്തുണ്ടായിരുന്ന എല്ലാ റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റിക് പാർട്ടിയിലെ മൂന്നുപേരും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തെങ്കിലും ഭൂരിപക്ഷമില്ലാതെപോയി.
2002-ൽ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് ഗർഭഛിദ്രശ്രമത്തിനുശേഷവും ജനിക്കുന്ന കുഞ്ഞ് നിയമപരമായി വ്യക്തിയാണെന്നു നിർവചിക്കുന്ന ബില്ലിൽ ഒപ്പു വച്ചതാണ്. പക്ഷേ, അത് നിരവധി പഴുതുകളുള്ള വെറുമൊരു നിർവചനമായി അവശേഷിക്കുകയാണ്. പിറക്കുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിലും ഗർഭഛിദ്രം നടത്തുന്ന ഡോക്ടർക്ക് എതിരേ നിയമനടപടി സ്വീകരിക്കാൻ സാധ്യമല്ല.
കുറ്റവാളിയില്ലാത്ത കൊലപാതകം
ഇതൊക്കെ അബോർഷനെ അതിജീവിച്ച് ജീവിതത്തിലേക്ക് വന്നവരുടെ കാര്യങ്ങൾ. അബോർഷനിരയാക്കുന്ന പതിനായിരത്തിൽ ഒരാളാണ് മേൽപ്പറഞ്ഞവരെപ്പോലെ ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. മറ്റുള്ളവരൊക്കെ ചാവുകടൽ നീന്തിക്കടക്കാനാവാതെ അമ്മയുടെ ഉദരത്തിൽവച്ചേ തിരിച്ചുപൊയ്ക്കൊണ്ടിരിക്കുന്നു.
ഗർഭഛിദ്രം നടത്തുന്നവർ യുക്തിസഹമായി ചിന്തിച്ചാൽ കൊലപാതകികളാണെങ്കിലും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെയും സ്വന്തം ശരീരത്തിന്മേലുള്ള അവകാശത്തിന്റെയും നിയമത്തിന്റെയും മറവിൽ രക്ഷപ്പെടുന്നു.
സലൈൻ സൊല്യൂഷനിലും മറ്റു കെമിക്കലുകളിലും മുങ്ങിയോ സർജിക്കൽ കത്തിക്ക് ഇരയായോ അമ്മയുടെ ഉദരത്തിൽവച്ച് കണ്ണടച്ച കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ അവകാശമോ? മനുഷ്യാവകാശത്തിന്റെ കണ്വെട്ടത്തുപോലും വരാൻ വിധിയില്ലാത്തവരാണ് അബോർഷനു വിധേയരായി മൃത്യുവരിച്ച കോടിക്കണക്കിനു കുഞ്ഞുങ്ങൾ.
കത്തോലിക്കാ സഭയുടേതുൾപ്പെടെ മതത്തിന്റെ ശല്യംകൂടി ഇല്ലായിരുന്നെങ്കിൽ കുറ്റബോധത്തിന്റെ കണികകളെക്കൂടി അബോർഷൻ നടത്തി ഇല്ലാതാക്കാമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാലു കോടിക്കും അഞ്ചു കോടിക്കും ഇടയ്ക്ക് കുഞ്ഞുങ്ങളെ ഓരോ വർഷവും ഗർഭഛിദ്രത്തിനു വിധേയമാക്കുന്നു. ഇന്ന്, ഈ ഒഴിവുദിവസം മാത്രം ഒന്നേകാൽ ലക്ഷം കുഞ്ഞുങ്ങൾ. കൂടുതലും കടിഞ്ഞൂൽ പുത്രന്മാരും പുത്രിമാരും.
കുറ്റവാളികളില്ലാത്ത ഏക കൊലപാതകമാണ് ഗർഭഛിദ്രം. ഒരാളെ കൊന്നാൽ അതൊരു വലിയ ദുഃഖ സംഭവമാണ്. അഞ്ചുകോടി കുഞ്ഞുങ്ങളെ കൊന്നാൽ അതു വെറും കണക്കുമാത്രം. ഈ കണക്കൊക്കെ ആരു ചോദിക്കാൻ? കാശുവാങ്ങി ആരാച്ചാരുടെ പണി ചെയ്യുന്നവരോ? മരിച്ച കുഞ്ഞ് ഏതായാലും ചോദിക്കില്ല, ചതിച്ച അമ്മയും.
കുഞ്ഞുപാവകൾ പൊങ്ങിക്കിടക്കുന്ന ചാവുകടൽ തീരത്ത് കാഴ്ചക്കാരായി നമ്മളും.
ജോസ് ആൻഡ്രൂസ്