പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ് പേ ചര്‍ച്ചയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഹോട്ടല്‍ അടച്ചുപൂട്ടി. ആവശ്യമായ രേഖകളില്ലാത്തതും ഗതാഗതക്കുരുക്കിന് ഇടയാക്കിയതുമാണ് ഹോട്ടലിനു പൂട്ടുവീഴാന്‍ കാരണം. അഹമ്മദാബാദ് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്കോണ്‍ ഗാന്ധിയ എന്ന ഹോട്ടലിനാണ് മുനിസിപ്പല്‍ കോര്പ്പറേഷന് പൂട്ടിട്ടത്.
2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രശസ്തമായ ചായ് പേ ചര്‍ച്ചയ്ക്കു വേദിയായതിലൂടെയാണ് ഈ ഹോട്ടല്‍ പ്രശസ്തമായിരുന്നത്. ഈ ഹോട്ടലിനു മുന്‍ഭാഗമാണ് അന്ന് ചായ്പേ ചര്‍ച്ചയ്ക്കു വേദിയായത്. മോദി അന്ന് രണ്ടു മണിക്കൂറോളം പരിപാടിയില്‍ പങ്കെടുത്തു. ആയിരത്തിലധികം ആളുകളാണ് അദ്ദേഹത്തെ ശ്രവിക്കാനെത്തിയത്. ഫെബ്രുവരി 13ന് നടന്ന അന്നത്തെ ചര്‍ച്ച രാജ്യമെങ്ങുമുള്ള 300ലേറെ ചായക്കടകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
അതേസമയം, മുനിസിപ്പല്‍ അധികൃതര്‍ ഹോട്ടല്‍ ഒഴിപ്പിച്ചത് നിയമപ്രകാരമല്ലെന്നാണ് നടത്തിപ്പുകാരനായ ചേതന്‍ഭായ് പട്ടേല്‍ പറയുന്നു. എല്ലാ രേഖകളും അധികൃതര്‍ക്ക് കൈമാറിയിരുന്നു. സമീപത്തെ കര്ണവാതി ക്ലബ്ബിലെ അംഗങ്ങളാണ് ഇവിടെ ഗതാഗതതടസം ഉണ്ടാക്കുന്നതെന്നും ചേതന്‍ഭായ് പറയുന്നു. ക്ലബ്ബുകാര്ക്കുവേണ്ടി ഹോട്ടല്‍ ഒഴിപ്പിച്ചുവെന്ന രീതിയിലാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ വരുന്നതും. ഹോട്ടല്‍ അടച്ചുപൂട്ടിയതോടെ പത്തോളം ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദി പ്രശ്നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ചേതന്ഭായും ജോലിക്കാരും. ഈ പ്രദേശത്ത് ആക്സിഡന്റ് സ്ഥിരമായതിനാലാണ് ഹോട്ടല്‍ അടപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.