തൃശൂര്‍: ചര്‍ച്ചകള്‍ നിലയ്ക്കാത്ത ചായക്കടകള്‍ ഇന്നും നാട്ടിന്പുറങ്ങളുടെ അഴകാണ്. ഈ അഴകിനെ തൃശൂര്‍ നഗരമധ്യത്തിലും ഇന്നുമുതല്‍ കാണാം. ഇത്തിരി ഹൈടെക്കായി, ഒത്തിരി കളര്‍ഫുള്ളായി. ചായ കുടിക്കാന്‍ മാത്രമല്ല, ചിന്തിക്കാനും സംവദിക്കാനും ഇവിടെ വരാം. രാജ്യത്തെ ആദ്യത്തെ ആര്‍ട്ട് കഫേ ശൃംഖലയായ മെറിസ് ആര്‍ട്ട് കഫേയുടെ തൃശൂര്‍ ശാഖ അരിയങ്ങാടിയില്‍ ആദം ബസാറിനു സമീപം ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ആര്‍ട്ട് ഗാലറിയും സംഗീതവും കഥകളും പുസ്തകങ്ങളും ചര്‍ച്ചകളും രുചിയുള്ള ഭക്ഷണവുമെല്ലാം ഒരേയിടത്തു ലഭിക്കുമെന്നതാണ് ആര്‍ട്ട് കഫേയുടെ പ്രത്യേകത. നഗരമധ്യത്തില്‍ ചിന്തയുടെ, സര്‍ഗവാസനയുടെ പച്ചപ്പാണ് ഒരുങ്ങിയിട്ടുള്ളത്. സൈബര്‍ യുഗത്തില്‍ മുഖത്തോടു മുഖം നോക്കാതെയുള്ള ഇടപെടലുകളെ തത്കാലം മാറ്റിനിര്‍ത്തി നേരിട്ടു സംവദിക്കാനുള്ള ക്രിയേറ്റീവ് ഇടമാണ് മെറിസ് ആര്‍ട്ട് കഫേ. ഒത്തുചേരാനുള്ള എല്ലാ അവസരങ്ങളും ഒരുക്കാന്‍ തയാറായിത്തന്നെയാണ് അണിയറക്കാരും. വീട്ടിലെ ആഘോഷങ്ങള്‍ മുതല്‍ ഓഫീസ് ആഘോഷങ്ങള്വരെയും കവിതയെഴുത്തും ചിത്രരചനയും എന്തിന് മിനി ഫിലിംഷോ വരെയും ഇവിടെ സജ്ജമാക്കും.
മാവേലിക്കര, കോഴിക്കോട് മുക്കം, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ മെറിസ് ആര്‍ട്ട് കഫേകള്‍ പ്രവര്‍ത്തനസജ്ജമാകും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെങ്ച്യൂറ വെഞ്ച്വേഴ്സ് എന്ന സ്ഥാപനമാണ് മെറിസ് ആര്‍ട്ട് കഫേകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഫ്രാഞ്ചൈസി മോഡലില്‍ സ്ഥാപിക്കപ്പെടുന്ന കഫേ തൃശൂരില്‍ ഏറ്റെടുത്തിരിക്കുന്നത് പ്ലാനെറ്റ് എന്റര്‍പ്രൈസസ് ഉടമയായ റോയ് കെ. ദേവസിയാണ്.
ആര്‍ട്ട് കഫേ എന്ന ആശയത്തിനും നിര്‍വഹണത്തിനും ചുക്കാന്‍ പിടിക്കുന്നതു ഫൗണ്ടര്‍മാരായ ജുനൈദ് റഹ്്മാന്‍, പി. റഹീം, കമ്പനി ചെയര്മാന് റമീസ് ഇസ്മായില്‍, കലാകാരന്മാരായ കെ. രഘുനാഥന്, ആന്റോ ജോര്‍ജ്, ഒ.സി. മാര്ട്ടിന്, എം.കെ. മുബാറക് എന്നിവരാണ്. ഇന്ത്യയില്‍ എല്ലായിടത്തും ഒരേപോലെ തദ്ദേശീയമായ രൂപകല്പനയിലാണ് കഫേകള്‍. പ്രാദേശികമായ എല്ലാ കലകള്‍ക്കും പ്രാധാന്യവും നല്‍കും.
ഇന്നു വൈകുന്നേരം അഞ്ചരയ്ക്കു ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്യും. കഫേയോടൊപ്പം പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റും ആര്‍ട്ട് ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരി നിര്‍വഹിക്കും. ആദ്യവില്പന മുന്‍ മേയറും വാര്‍ഡ് കൗണ്‍സിലറുമായ രാജന് പല്ലന് നിര്‍വഹിക്കും.
21 ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം- ഇടം ഇന്നുമുതല്‍ ആരംഭിക്കും. രണ്ടുമാസം നീളുന്ന പ്രദര്‍ശനം സൗജന്യമായിരിക്കും. പ്രശസ്തരും അല്ലാത്തതുമായ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണാനും വാങ്ങാനും പൊതുജനത്തിന് അവസരമുണ്ടാകും. കലാകാരന്മാര്ക്കു സംവദിക്കാനായി നഗരമധ്യത്തില്‍ ചിന്തയുടെ പച്ചപ്പൊരുക്കുകയാണ് കഫേയിലൂടെ ലക്ഷ്യമിടുന്നതെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി. റഹീം, ജുനൈദ് റഹ്്മാന്‍, റോയ് കെ. ദേവസി, ആന്റോ ജോര്‍ജ്, എം.കെ. മുബാറക് എന്നിവര്‍ പങ്കെടുത്തു.