നിലന്പൂർ: കാലഘട്ടത്തിന് അനുസരിച്ച് പല ഹോട്ടലുകളും ചായക്കടകളും മാറിക്കൊണ്ടിരിക്കുന്പോഴും പഴയ കാലത്തിന്റെ ഓർമ നിലനിർത്തി മാറ്റങ്ങളില്ലാതെ തുടരുകയാണ് ചാലിയാർ പഞ്ചായത്തിലെ വൈലശേരിയിലുള്ള ചൂരക്കുന്നൻ രാജുവിന്റെ ചായക്കട. 60 വർഷം മുൻപാണ് രാജുവിന്റെ പിതാവ് വേലായുധൻ ഭാര്യ സുഭദ്രയും ചേർന്ന് ഓടിട്ട ചെറിയ കെട്ടിടത്തിൽ ചായ കട തുടങ്ങിയത്.
നാലു വർഷം മുൻപ് വേലായുധൻ മരിച്ചതോടെ ഭാര്യ സുഭദ്രയും മക്കളായ രാജു, രാധാകൃഷ്ണൻ, മോഹൻദാസ് എന്നിവരാണ് കട നടത്തി വരുന്നത്. ഹോട്ടലുകൾ ഗ്യാസ് സിലണ്ടറുകളെ ആശ്രയിക്കുന്പോൾ ഈ കടയിൽ ഇന്നും വിറക് അടുപ്പ് ഉപയോഗിച്ചാണ് ചായയും പലഹാരങ്ങളും ഉണ്ടാക്കുന്നത്.
പെയിന്റ് പോലും അടിക്കാത്ത പഴയ കെട്ടിടത്തിൽ തന്നെയാണ് ചായക്കട പ്രവർത്തിക്കുന്നത്. വേലായുധൻ ചായ കട തുടങ്ങിയപ്പോൾ ചായയും കപ്പ വേവിച്ചതുമായിരുന്നു പ്രധാന വിഭവങ്ങൾ. പിന്നീട് ദോശയും പുട്ടും കടന്നു വന്നു. കട തുടങ്ങുന്പോൾ ഉപയോഗിച്ച മേശയും ബഞ്ചും തന്നെയാണ് ഇന്നും ഇരിപ്പടം. ചായക്കടയിലെ ചെറിയ റൂമിൽ പലചരക്ക് കടയുമുണ്ട്. ഇവിടെ സാധനങ്ങൾ തൂക്കുവാൻ ഉപയോഗിക്കുന്നത് പഴയ ത്രാസാണ്. കാഞ്ഞിരപ്പുഴയോടു ചേർന്നാണ് 70 വർഷമായി പേരില്ലാത്ത ഈ ചായക്കടയുള്ളത്. കൃഷിയെ ഏറെ സ്നേഹിച്ചിരുന്ന വേലായുധൻ കാലി വളർത്തലിലും സജീവമായിരുന്നു.
പിതാവിന്റെ പാത പിൻതുടരുന്ന മക്കൾ കൃഷിയിലും കാലി വളർത്തലിലും സജീവമാണ്. ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും പിതാവ് ഏറെ സ്നേഹിച്ചിരുന്ന ചായക്കട തനിമ നഷ്ടമാകാതെ സൂക്ഷിക്കുക എന്ന ആഗ്രഹം ഉണ്ടെന്നും രാജു പറഞ്ഞു. മങ്കട ഗവ.കോളജിൽ നിന്നും എൻഎസ്എസ് ക്യാന്പിനെത്തിയ വിദ്യാർഥികൾക്ക് കപ്പയും കഞ്ഞിയും സൗജന്യമായി നൽകി.