കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്ഥാനാർഥികൾ വോട്ടർമാർക്ക് നല്കുന്നത് കൈനിറയെ വാഗ്ദാനങ്ങൾ. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വന്പൻ വാഗ്ദാനങ്ങളാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ നല്കിയിരിക്കുന്നത്. ജോസ് കെ മാണി എംപിയുടെ വികസന തുടർച്ചയാണ് ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ.
തോമസ് ചാഴികാടൻ
ജോസ് കെ മാണി എംപി നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന വാഗ്ദാനവുമായാണ് യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വോട്ടർമരെ സമീപിക്കുന്നത്. ഒട്ടേറെ വികസനങ്ങൾ ജോസ് കെ മാണി എംപിയുടേതായിട്ടുണ്ട്.
ഐഐഐടി, സയൻസ് സിറ്റി, ഐഐഎംസി, കേന്ദ്രീയ വിദ്യാലയം തുടങ്ങി നൂറുകണക്കിന് വികസന പ്രവർത്തനമാണ് ജോസ് കെ മാണി എംപി നടത്തിയിട്ടുള്ളത്.ഐഐഐടിക്ക് വലവൂരിലാണ് സ്ഥിരം കാന്പസ് പൂർത്തിയായത്. മൂന്നു ഘട്ടങ്ങളിലായി 128 കോടി രൂപയാണ് ചെലവ്. ആദ്യ ഘട്ടത്തിൽ 63 കോടിയുടെ വികസനമാണ് പൂർത്തിയായത്. കുറവിലങ്ങാട്ട്പൂർത്തിയായ സയൻസ് സിറ്റി കോട്ടയത്തെ ദക്ഷിണേന്ത്യയുടെ ശാസ്ത്ര തലസ്ഥാനമാക്കി മാറ്റി.
പാന്പാടി ആർഐടി കാന്പസിനോട് ചേർന്നുള്ള 10 ഏക്കറിലാണ് ഐഐഎംസി (ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ സൗത്ത് ഇന്ത്യൻ കാന്പസ്). ഇതിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. തുടർന്നുള്ള വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായ ഇടപെടൽ നടത്തുമെന്ന് തോമസ് ചാഴികാടൻ പറയുന്നു.
മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തിയിൽ ലഭിച്ചത് ജോസ് കെ മാണി എംപിയുടെ ശ്രമഫലമാണ്. കോട്ടയം കോടിമതയിൽ ആധുനിക നിലവാരത്തിലുള്ള മത്സ്യമാർക്കറ്റ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും.
കേരളത്തിലെ ഏറ്റവും വലിയ റിവർവ്യു റോഡ് പാലായിൽ പൂർത്തിയാക്കും. ഇതും ജോസ് കെ മാണി എംപി തുടങ്ങി വച്ചതാണ്. മുളന്തുരുത്തി-ചെങ്ങോലപ്പാടം മേൽപ്പാലം, കുറുപ്പന്തറ റെയിൽവേ മേൽപ്പാലം, കാരിത്താസ് റെയിൽവേ മേൽപാലം തുടങ്ങിയവ നടപ്പാക്കും. കോട്ടയം റെയിൽവേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ജോസ് കെ മാണി തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
വി.എൻ.വാസവൻ
കോട്ടയത്തിനും കൊച്ചിക്കുമിടയിൽ ഹൈസ്പീഡ് കോറിഡോർ. അര മണിക്കൂർ കൊണ്ട് താമസ സ്ഥലത്തു നിന്ന് തൊഴിലിടങ്ങളിൽ വന്നു പോകാൻ കഴിയണം. ഇതിന് റെയിൽ, റോഡ് സാധ്യതകൾ ഉപയോഗപ്പെടുത്തണം. കുമരകത്തിന്റെ ടൂറിസം വികസനത്തിന് കുമരകം-നെടുന്പാശേരി അതിവേഗ പാത. റീജണൽ പകർച്ചവ്യാധി രോഗ പ്രതിരോധ നിയന്ത്രണ ഗവേഷണ കേന്ദ്രം, സ്ത്രീകൾക്കായി പൊതു ഇടങ്ങളിൽ വൃത്തിയുള്ളതും സുരക്ഷിതവുമായി ഷീ ടോയ്ലറ്റുകളും വിശ്രമ കേന്ദ്രങ്ങളും മുലയൂട്ടൽ കേന്ദ്രങ്ങളും.
ഇവ ഹൈജീനിക് ആയി പരിപാലിക്കാനുള്ള പദ്ധതികളും. വൈക്കം മുതൽ കുമരകം വരെ വേന്പനാട് കായലോര ടൂറിസം ഹബ്. മണ്ഡലത്തിലെ പുരാതന ആരാധനാലയങ്ങളും കൊച്ചിൻ എയർപോർട്ടും നിർദിഷ്ട എരുമേലി എയർപോർട്ടും ഇവയെല്ലാം ബന്ധിപ്പിക്കുന്ന റോഡുകളും അനുബന്ധ വികസവും ഉൾപ്പെടെ പിൽഗ്രിം ടൂറിസം വികസനം.
സിന്തറ്റിക് ട്രാക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കി കോട്ടയം നെഹൃസ്റ്റേഡിയം അന്താരാഷ്ട്ര കായിക ഭൂപടത്തിൽ സ്ഥാനം നല്കും.
കോട്ടയം പോർട്ടിനെ അന്താരാഷ്ട്ര ചരക്ക് വിനിമയ ശ്രുംഖലയിൽ എത്തിക്കും. പൊതുമേഖലയിൽ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനമുള്ള സാംസ്കാരിക നിലയം. തൃപ്പൂണിത്തുറയിൽ എത്തി നിൽക്കുന്ന മൈട്രോ കോട്ടയം വരെ എത്തിക്കണമെന്ന ആശയവും വി.എൻ.വാസവൻ മുന്നോട്ടു വയ്ക്കുന്നു.