കാട്ടാക്കട : പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു കള്ള പരാതി നൽകി പണം അപഹരിക്കാനുള്ള നീക്കത്തിൽ മുൻ പോലീസുകാരനും കൂടെ താമസിച്ചു വരുന്ന സ്ത്രീയും ഇടനിലക്കാരനും പിടിയിൽ.
കഞ്ചിയൂർക്കോണം ഹൃദ്യഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സ്വദേശി കെ. പുഷ്ക്കരൻനായർ( 72), പുഷ്ക്കരൻനായരോടൊപ്പം താമസിക്കുന്ന പള്ളിച്ചൽ വെടിവച്ചാൻകോവിൽ പ്ലാങ്കാല പുത്തൻവീട്ടിൽ എസ്. ശശികല( 41), പുഷ്ക്കരൻനായരുടെ സുഹൃത്തും കേസിലെ ഇടനിലക്കാരനുമായ തൂങ്ങാംപാറ മഹാത്മ നഗറിൽ ആരാമം വീട്ടിൽ വി. രാമചന്ദ്രൻനായർ (53) എന്നിവരാണ് അറസ്റ്റിലായത്. പുഷ്ക്കരൻനായർ റിട്ട. പോലീസ് ഹെഡ് കോണ്‍സ്റ്റബിളാണ്. കഞ്ചിയൂർക്കോണത്ത് റിട്ട. സഹകരണസംഘം ജീവനക്കാരനായിരുന്ന ഉപേന്ദ്രന്റെ വീട്ടിലെ വാടകക്കാരായി താമസിച്ചു വരികയായിരുന്നു പുഷ്ക്കരൻനായരും ശശികലയും.
വീട്ടുകാരും പുഷ്ക്കരനും തമ്മിൽ വാടക സംബന്ധമായി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് പുഷ്ക്കരൻനായർ തന്റെ കൂടെ താമസിക്കുന്ന മകളെ വീട്ടുടമയുടെ മരുമകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി പോലീസ് പറയുന്നു. എന്നാൽ പരാതി പിറ്റേന്ന് തന്നെ പിൻവലിക്കുകയും ചെയ്തു. പരാതി ഉടൻ പിൻലിച്ചത് പോലീസിന് സംശയത്തിനിടയാക്കി. 10 ലക്ഷം രൂപ നൽകിയാൽ പീഡനക്കേസ് പിൻവലിക്കാമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കാ ൻ തയാറയത്.
ഇതിനിടെ 10 ലക്ഷം രൂപ നൽകാമെന്ന് ആരോ പണ വിധേയർ സമ്മതിച്ചതായി പറയുന്നു. എന്നാൽ ഇത് അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും ഇതൊരു തട്ടിപ്പ് സംഘമാണെന്നു പറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന് വീട്ടുടമ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഷാഡോ പോലീസും കാട്ടാക്കട സിഐ യും അന്വേഷണത്തിന് ഇറങ്ങുന്നത്. പുഷ്ക്കരൻനായർ ആവശ്യപ്പെട്ട പണം നൽകാൻ ഇടനിലക്കാരനായി നിന്നത് അദേഹത്തിന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ രാമചന്ദ്രൻനായരാണ്. ഇവരുടെ ഭീഷണി കാരണം 10 ലക്ഷം രൂപയുടെ ചെക്ക് നേരത്തെ നൽകിയിരുന്നു.ഇതിനിടെ പ്രതികൾ വീട്ടുകാരനോട് പണം നൽകാൻ പുഷ്ക്കരൻനായരുടെ സഹോദരിയുടെ തൂവല്ലൂർക്കോണത്തുള്ള വീട്ടിൽ എത്താൻ പറയുന്നു. ഷാഡോ പോലീസും കാട്ടാക്കട പോലീസും ഇവരുടെ പിന്നാലെ എത്തി.
പ്രതികൾ കാറിലും ബൈക്കിലുമായാണ് എത്തിയത്. ചെക്കിന് പകരമായി ആറു ലക്ഷം രൂപയും ബാലൻസ് തുക നാല് ലക്ഷം ചെക്കായും നൽകി.
പ്രതികൾ വാങ്ങിയിരുന്ന 10 ലക്ഷത്തിന്റെ ചെക്ക് തിരികെ നൽകുകയും ആറുലക്ഷം രൂപയും നാല് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റുകയും ചെയ്യുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ പിടികൂടുന്നത്. ഇവരിൽ നിന്നും പണവും ചെക്കും എഗ്രിമെന്റ് പകർപ്പും പിടിച്ചെടുത്തു. മകളെ ചോദ്യം ചെയ്തതിൽ പീഡനം നടന്നിട്ടില്ല എന്ന് വ്യക്തമാകുകയും ചെയ്തു. വിവിധയിടങ്ങളിൽ ഇത്തരത്തിൽ വാടകയ്ക്ക് താമസിക്കുകയും പീഡനം പറഞ്ഞ് പണം കൈക്കലാക്കിയ നിരവധി സംഭവങ്ങൾ ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
2002 -ൽ എആർ ക്യാന്പിൽ നിന്നും ഡ്രൈവറായി പെൻഷനായ പുഷ്ക്കരൻനായർക്ക് തിരുവനന്തപുരം മെഡിക്കൽകോളജ്, പേട്ട തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ നിലവിൽ ഉള്ളതായി പോലീസ് പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ എസ്പി അശോക് കുമാർ, ഡിവൈഎസ്പി അനിൽകുമാർ എന്നിവരുടെ നിർദേശാനുസരണം കാട്ടാക്കട സിഐ അനുരൂപ്, എസ്ഐ ബിജുകുമാർ, സിറ്റി ഷാഡോ എസ്ഐ സുനിലാൽ, സിപിഒമാരായ ഷിബു, അതുൽ, അരുണ്‍, രാജീവ്, വനിതാ സിപിഒ രാജലക്ഷ്മി എന്നിവർ അടങ്ങിയ സംഘമാണ് ഇവരെ കുടുക്കിയത്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.