15 ലക്ഷം മുടക്കിയാല്‍ ഐഇഎല്‍ടിഎസ് നേടാം; പണം കൊടുത്ത് വിദേശത്ത് എത്തുമ്പോള്‍ കഥ മാറും; ഐഇഎല്‍ടിഎസിന്റെ പേരില്‍ നഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നതിങ്ങനെ…

കോട്ടയം: ഐതിഹാസികമായ സമരത്തിനൊടുവിലാണ് നഴ്‌സുമാര്‍ ചരിത്രവിജയം നേടിയത്. തങ്ങള്‍ക്ക് ന്യായമായ ശമ്പളം ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ പോരാട്ടം. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാതാകുമ്പോഴാണ് പലരും പിറന്ന നാടു വിട്ട് വിദേശത്തേക്ക് ചേക്കേറുന്ന വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ ഇതിനുള്ള പ്രധാന കടമ്പയാണ് ഐഎല്‍ടിഎസ് ജയിക്കുകയെന്നത്. അതും വെറുതെ ജയിച്ചാല്‍ പോര. ഒന്‍പതില്‍ ഏഴു മാര്‍ക്കും നേടിയാലെ വിദേശത്ത് പോകാനാകൂ. ഇതു മുതലെടുത്ത് ഐഇഎല്‍ടിഎസിന്റെ പേരില്‍ കോടികള്‍ തട്ടുന്ന ബിസിനസ് കേരളത്തില്‍ വ്യാപകമാകുന്നെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ലക്ഷങ്ങള്‍ ഫീസായി വാങ്ങിയ ശേഷം പരീക്ഷ ജയിപ്പിച്ചു വിടുകയും വിദേശത്ത് ജോലിക്ക് എത്തിയ ശേഷം കൃത്യമായി ആശയവിനിമയം നടത്താനാവാതെ നാട്ടിലേക്ക് തിരിച്ച് വരേണ്ടിവരുന്നവരുടെ എണ്ണം ദിവസേന വര്‍ധിച്ചുവരികയാണ്. 15 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ഐഇഎല്‍ടിഎസ് പാസാകും. പിന്നെ വിസ എത്തിയാല്‍ മാത്രം മുഴുവന്‍ പണവും നല്‍കിയാല്‍ മതിയെന്നു കൂടി പറയുമ്പോള്‍ വിശ്വാസ്യത വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ വിദേശത്ത് ജോലിക്കെത്തി ഇംഗ്ലീഷ് സംസാരിക്കാനോ കാര്യങ്ങള്‍ മനസ്സിലാക്കാനോ കഴിയതെ വരുമ്പോള്‍ ഇവരെ ജോലിയില്‍ നിന്നു പിരിച്ചു വിടുന്നു.ഇതിനിടെ കോച്ചിങ്ങ് സെന്ററുകള്‍ മുഴുവന്‍ പണവും വാങ്ങിയിരിക്കുകയും ചെയ്യും.

ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് വീഴാതിരിക്കുകയെന്നത് മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം. കോട്ടയം, ഇടുക്കി, എറണാകുളം കണ്ണൂര്‍ എന്നിവിടങ്ങളിലായി ഇതിനോടകം നൂറില്‍പ്പരം നഴ്‌സുമാരാണ് വിദേശത്ത് നിന്നും ഇക്കാരണത്താല്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത്. ഇതിന് പുറമേ ഐഎല്‍ടിഎസ് പരീക്ഷ പാസാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം പരീക്ഷയുടെ ഫലം വരുമ്പോള്‍ ലക്ഷങ്ങള്‍ നല്‍കിയിട്ടും ജയിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ഒരു നഴ്‌സിംഗ് സംഘടനയിലെ പ്രാദേശിക നേതാവ് ഇടനിലക്കാരനായതുകൊണ്ട് മാത്രമാണ് പലരും വിശ്വസിച്ച് പണം നല്‍കിയത്.എന്നാല്‍ പണം നഷ്ടപ്പെടുകയും ഐഎല്‍ടിഎസ് കിട്ടാതെയും വന്നെങ്കിലും നേതാവിനെതിരെ പരാതിപ്പെട്ടാല്‍ നാട്ടിലെ ആശുപത്രികളില്‍ പോലും ജോലി കിട്ടിയില്ലെങ്കിലോ എന്ന ഭയമാണ് പലരെയും നിശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നത്. പണം നല്‍കി ഐഇഎല്‍ടിഎസ് പാസാകാന്‍ ആരും ശ്രമിക്കരുതെന്നും അങ്ങനെ ജോലി ലഭിച്ചാല്‍ തന്നെയും പെട്ടെന്ന് മടങ്ങേണ്ടി വരുമെന്നും അമളി പറ്റിയ നഴ്‌സുമാര്‍ പറയുന്നു.വായ്പ എടുത്തും കടം വാങ്ങിയുമൊക്കെയാണ് പലരും നഴ്‌സിംഗ് പഠനത്തിന് പണം കണ്ടെത്തിയത്. ജോലി ലഭിച്ച ശേഷം ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന് പുറമേ കടം വാങ്ങിയാലെ വീട്ടില്‍ അടുപ്പ് പുകയാനും വിദ്യാഭ്യാസ അടയ്ക്കാനും സാധിക്കൂ. ഈ അവസ്ഥ മറികടക്കാനാണ് ഉള്ളതെല്ലാം വിറ്റുപെറുക്കി എങ്ങനെയും ഐഇഎല്‍ടിഎസ് പാസാകാന്‍ പലരും വളഞ്ഞവഴി സ്വീകരിക്കുന്നത്.

കേരളത്തില്‍ ഇത്തരം തട്ടിപ്പിന് വളക്കൂറുള്ള മണ്ണാണെന്ന കാര്യം മനസിലാക്കിയാണ് പലരും രംഗത്തിറങ്ങിയിരിക്കുന്നത്. വിദേശത്തു നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയവര്‍ ഇടനിലക്കാരനായ നഴ്‌സിംഗ് സംഘടനാ നേതാവിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനമായി തട്ടിപ്പു സംഘത്തെയും സമീപിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല.

ഇതോടെ പണം നഷ്ടപ്പെട്ടവര്‍ ഇടനിലക്കാരനെതിരെയും തട്ടിപ്പു സംഘത്തിനെതിരെയും പരാതി നല്‍കുമെന്ന് അറിയിച്ചതോടെ ഇടനിലക്കാരനായ സംഘടനാ നേതാവ് മുന്‍കൈയെടുത്ത് പൊലീസിനെ സമീപിച്ചു. എന്നാല്‍ ഇതും ഫലം കണ്ടില്ല. പോലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ വാദിയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടവര്‍ ആരും പരാതിയുമായി പിന്നീട് എത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇനിയാരും ഇത്തരം തട്ടിപ്പുകള്‍ക്കായി നിന്നു കൊടുക്കരുതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്.

 

 

Related posts