വീഡിയോ കോള്‍ എടുത്ത ഉടന്‍ അവര്‍ വിവസ്ത്രയായി ! ഉടന്‍ തന്നെ കോള്‍ കട്ടു ചെയതപ്പോള്‍ പിന്നെയും വിളിച്ചു; സിംഗിള്‍ പേരന്റ് ചലഞ്ചിന്റെ ചതിക്കുഴിയില്‍ വീണ പ്രവാസി പറയുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചലഞ്ചിന്റെ കാലമാണ്. ഇതില്‍ പലതിലും പങ്കെടുത്ത് ചതിക്കുഴിയില്‍ വീഴുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തില്‍ ഒരു ചലഞ്ചിന്റെ ചതിക്കുഴിയില്‍ വീണ കഥയാണ് ഒരു പ്രവാസി മലയാളിയ്ക്ക് പറയാനുള്ളത്.

ലംഗ്സ് കാന്‍സര്‍ ബാധിതയായി ഭാര്യ മരിച്ചതിനെ തുടര്‍ന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളിയാണ് ഇത്തരത്തില്‍ അനുഭവം പങ്കുവെച്ചതിലൂടെ തന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.അത്തരമൊരു കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

ബിജു തന്റെ അനുഭവം പറയുന്നത് ഇങ്ങനെ…ഈ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളില്‍ നിന്നാണ് എനിക്ക് കോളുകള്‍ വന്നത്. അതില്‍ ഒരു ഫേക്ക് ഐഡിയില്‍ നിന്നും വന്ന കെണിയില്‍ ഞാന്‍ കുടുങ്ങി.

കുട്ടികളെ നോക്കാമെന്നു പറഞ്ഞ് ഒരു സ്ത്രീ എനിക്ക് സന്ദേശം അയച്ചു. ഉടനെ അവരുടെ പ്രൊഫൈല്‍ എല്ലാം പരിശോധിച്ചു. അപ്പോള്‍ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. ഞാന്‍ ആ കാര്യം അംഗീകരിക്കുകയും ഇപ്പോള്‍ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോള്‍ വിളിക്കാമെന്നു പറയുകയും ചെയ്തു.

ഇങ്ങനെ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ച എനിക്ക് ഉടനെ അവരുടെ വീഡിയോ കോള്‍ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാന്‍ ഉടനെ ആ കോള്‍ അറ്റന്റ് ചെയ്തു.

പക്ഷേ, പിന്നീടാണ് അത് ചതിക്കുഴിയാണെന്ന് ബോധ്യമായത്. കോള്‍ എടുത്തയുടനെ അവര്‍ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. സംഗതി കെണിയാണെന്ന് മനസ്സിലായ ഉടനെ കോള്‍ കട്ട് ചെയ്തു.

വീണ്ടും അവര്‍ എന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാന്‍ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോള്‍ റെക്കോര്‍ഡ് ചെയ്തു.

എന്നാല്‍ ഞാന്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ ആദ്യത്തെ കോളില്‍ എന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്നും ആ കോള്‍ എന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൈമാറുമെന്നും ഭീഷണിപ്പെടുത്തി.

നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇതിനു ശേഷം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതില്‍ നിന്നും ഈ വിഡിയോകോള്‍ പലര്‍ക്കും പങ്കുവയ്ക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

മാത്രമല്ല, എന്റെ മെസഞ്ചറില്‍ നിന്നും ഭാര്യയുടെ സുഹൃത്തുക്കള്‍ക്കടക്കം പലര്‍ക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തില്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. അറിയാവുന്നവരായതിനാല്‍ അവര്‍ എന്നെ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. .

അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളില്‍ നിന്ന് തുടര്‍ച്ചയായി എനിക്ക് വീഡിയോ കോള്‍ വന്നുകൊണ്ടിരുന്നു. എടുത്താല്‍ ചതിക്കുഴിയില്‍ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. അതിനിടയില്‍ ഒരു യുവതിയുടെ പ്രൊഫൈലില്‍ നിന്ന് വിവാഹാലോചന വന്നു.

പക്ഷേ പ്രൊഫൈലില്‍ ഒരു ഫോട്ടോയും ഇല്ല. ഫോട്ടോ അയക്കാന്‍ അവരോടു ഞാന്‍ ആവശ്യപ്പെട്ട ഉടനെ ആ പ്രൊഫൈലില്‍ നിന്ന് എനിക്ക് വീഡിയോ കോള്‍ വന്നു.

ഒരു അനുഭവം ഉള്ളതിനാല്‍ ആ കോള്‍ ഞാന്‍ എടുത്തില്ല. പ്രൊഫൈല്‍ ഫോട്ടോയുമായി റെക്കോര്‍ഡ് ചെയ്ത് കോള്‍ അയക്കാന്‍ പറഞ്ഞതോടെ പിന്നെ ആ ഐഡിയില്‍ നിന്നും കോള്‍ വന്നില്ല.

ഇതൊരു വലിയ ചതിക്കുഴിയാണെന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി. പലപ്പോഴും നമ്മളുമായി ബന്ധപ്പെട്ടവരോ സൗഹൃദവലയത്തിലുള്ളവരോ ആയവരുടെ പേരിലാണ് ഇത്തരം വ്യാജപ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത്.

അറിയാത്ത ഐഡികളില്‍ നിന്നും വരുന്ന ഫയലുകള്‍ തുറക്കാതിരിക്കുകയും കോളുകള്‍ സ്വീകരിക്കുകയും അരുത്. ഇത്തരം കെണിയില്‍ വീണതിനു ശേഷം മാത്രമായിരിക്കും നമുക്ക് കാര്യങ്ങള്‍ മനസ്സിലാകുക. ജീവിതാനുഭവങ്ങള്‍ ഇത്തരം സോഷ്യല്‍ മീഡിയ ചലഞ്ചിലൂടെ പറയുന്നവര്‍ രണ്ടുവട്ടം ചിന്തിക്കണം.

കാരണം വലിയ ചതിക്കുഴികളാണ് നിങ്ങളെ കാത്തിരിക്കുന്നതെന്നും ബിജു തന്റെ അനുഭവം കൊണ്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ദിനംപ്രതി നിരവധി ആളുകള്‍ ചതിക്കുഴിയില്‍ വീഴുന്നുണ്ടെന്നാണ് വിവരം.

Related posts

Leave a Comment