കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അട്ടിമറിക്ക് ബലം നല്കി കേസിലെ പ്രധാന കണ്ണികളിലൊരാളായ ഫൈസല്‍ ഫരീദിനെതിരേ യുഎഇയില്‍ ചെക്ക് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ച് ഫൈസലിനെ ചോദ്യം ചെയ്യാനായി കാത്തിരിക്കുന്ന എന്‍ഐഎ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു തിരിച്ചടിയായി.
ചെക്ക് കേസില്‍ ഫൈസല്‍ ഫരീദിനൊപ്പം സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും കൂടി അറസ്റ്റിലായത് അട്ടിമറി ശ്രമമായി അന്വേഷണ സംഘം കരുതുന്നു. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നതാണ് കേസ് അന്വേഷണത്തിന് പ്രതിസന്ധിയായിരിക്കുന്നത്.
തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്തു കേസില്‍ യുഎഇ സഹകരിക്കുന്നില്ലെന്ന ആശങ്ക നേരത്തെ മുതല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പങ്കുവച്ചിരുന്നു.
ഇത് ബലപ്പെടുത്തുന്നതാണ് ഫൈസല്‍ ഫരിദിനെതിരെയുള്ള ചെക്ക് കേസ്. കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന ആക്ഷേപങ്ങള്‍ ആദ്യം മുതല്‍ക്കെ ഉണ്ടായിരുന്നു.
സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ കുറ്റം ഇവരില്‍ ചാര്‍ത്തുന്ന തരത്തില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ മൊഴികള്‍ ഇത്തരത്തില്‍ ഉണ്ടാകുന്നത് യുഎഇ സര്‍ക്കാരിന് മാനക്കേട് ഉണ്ടാക്കുമെന്ന നിഗമനത്തിലാണ് അതിനുള്ള സാധ്യതകളെ യുഎഇ ഇല്ലാതാക്കുന്നത്.
മുന്‍പ് ഡല്‍ഹിയില്‍നിന്നു ദുബായിലെത്തിയ എന്‍ഐഎ സംഘം ഫൈസലിനെയും മറ്റും ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ ജുഡീഷല്‍ കസ്റ്റഡിയിലായതിനാല്‍ വിട്ടുതരാനാകില്ലെന്ന വിവരമാണ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചത്.
സ്വര്‍ണം അയച്ചവരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്താലേ സ്വര്‍ണക്കടത്തിലെ മുഴുവന്‍ വിവരങ്ങളും ലഭിക്കുകയുള്ളൂ. ഇതിൽ നിര്‍ണായക വിവരങ്ങള്‍ കിട്ടേണ്ടത് സ്വര്‍ണം കയറ്റിവിട്ട ഫൈസലില്‍നിന്നാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ നയതന്ത്ര ചാനല്‍വഴി 21 തവണ സ്വര്‍ണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി.
അവസാനത്തെ രണ്ടുതവണയാണു ഫൈസല്‍ സ്വര്‍ണം കയറ്റിവിട്ടത്. സ്വര്‍ണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങള്‍ സരിത്തിന്റെ പെന്‍ഡ്രൈവിലുണ്ടായിരുന്നു.
ഇങ്ങനെ തിരിച്ചറിഞ്ഞ രണ്ടു പേരെയാണു ദുബായിലെത്തിയിട്ടും ചോദ്യംചെയ്യാന്‍ കഴിയാതെപോയത്. യുഎഇയുടെ സഹകരണമില്ലാതെ അന്വേഷണ സംഘത്തിനു മുന്നോട്ടു പോകാനാവില്ല.