ചിറ്റൂർ (പാലക്കാട്): ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ അനധികൃത പണപ്പിരിവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ പണം പിടിച്ചെടുത്തു.
ഇന്നു പുലർച്ചെ ഗോവിന്ദാപുരത്തെ അതിര്‍ത്തി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കൈക്കൂലിയായി വാങ്ങിയെന്നു കരുതുന്ന 16,450 രൂപ കണ്ടെടുത്തത്.
അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ചെക്ക്പോസ്റ്റിൽ പിഴയായി പിടിച്ചെടുത്ത തുക 12,900 രൂപ മാത്രം.
ചെക്ക്പോസ്റ്റ് വളപ്പില്‍ ഉപേക്ഷിച്ചിരുന്ന കസേരയുടെ അടിയിലും പായയുടെ ഉള്ളിലുമായിരുന്നു അനധികൃതമായി പണം സൂക്ഷിച്ചിരുന്നത്.
കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലുമെല്ലാം കണ്ടെത്തി. ഇവ ഡ്രൈവർമാർ സന്തോഷത്തോടെ തന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ലോറി ജീവനക്കാരുടെ പരാതിയെ തുടർന്ന് വിജിലൻസ് ഇൻസ്പെക്ടർ എസ്.പി. സുജിത്തിന്റെ നേതൃത്വത്തിൽ ഇന്നുപുലർച്ചെ രണ്ടരയോടെയായിരുന്നു പരിശോധന.
രണ്ടുമണിക്കൂർ മാറിനിന്നു നിരീക്ഷിച്ചശേഷമാണ് സംഘം പരിശോധനയ്ക്കെത്തിയത്. അനധികൃത പണം പിടിച്ചെടുത്ത തോടെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം വാളയാറിലെ മോട്ടോർ വകുപ്പിന്റെ ചെക്ക്പോസ്റ്റിലും പരിശോധന നടന്നിരുന്നു.
കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച രീതിയില്‍ അവിടെനിന്ന് 13,000 രൂപയാണ് പിടിച്ചെടുത്തത്. അന്നു നടന്ന പരിശോധനയിൽ ഏജന്റ് ഉദ്യോഗസ്ഥർക്ക് പണം നൽകിയതും വിജിലൻസ് കണ്ടെത്തിയിരുന്നു.
എന്തൊക്കെ പരിശോധന നടത്തിയാലും വീണ്ടും കൈക്കൂലി വാങ്ങുന്നതിനു പിറകിൽ വകുപ്പുതല നടപടികൾ വൈകുന്നതുകൊണ്ടെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.
പണം പിടിച്ചെടുത്ത് റിപ്പോർട്ട് നൽകിയാലും നടപടികളും പരിശോധനകളും കഴിഞ്ഞുവരുന്പോൾ നാളുകളേറെയാകും എന്നതാണ് ഉദ്യോഗസ്ഥരെ ഇത്തരം നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നും പറയുന്നു.
ഏതായാലും വരുംദിവസങ്ങളിലും ചെക്കുപോസ്റ്റുകളിൽ പരിശോധന തുടരുമെന്നാണ് വിജിലൻസ് അധികൃതർ നൽകുന്ന സൂചന.