കൊണ്ടോട്ടി: കൊവിഡ്-19 രോഗപ്രതിരോധത്തിന്റെയും ജാഗ്രതയുടേയും ഭാഗമായി മലപ്പുറം ജില്ലാ അതിർത്തിയായ പതിനൊന്നാം മൈലിൽ ആരോഗ്യവകുപ്പ് ചെക്ക് പോസ്റ്റ് തുറന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെയും ചെറുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, പുളിക്കൽ, കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും സഹകരണത്തോടെ കൊണ്ടോട്ടി സിഎച്ച്സിയുടെ മേൽനോട്ടത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ ചെക്ക് പോസ്റ്റ് പ്രവർത്തനമാരംഭിച്ചത്.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ യാത്രക്കാരെയും ഇവിടെ സ്ക്രീനിംഗിന് വിധേയമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ നീരിക്ഷണത്തിലാക്കും. മതിയായ യാത്രാരേഖകൾ ഇല്ലാത്തവരെ തിരിച്ചയയ്ക്കും.
രോഗലക്ഷണ കേസുകളിൽ കോവിഡ് കെയർ സെന്ററുകളിലേക്ക് അയക്കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ലോക്ക് ഡൗണ് പ്രഖ്യാപിച്ചത് മുതൽ കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഇവിടെ പോലീസ് പരിശോധനയും തുടർന്ന് വരുന്നുണ്ട്.
ആരോഗ്യവകുപ്പ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ചെറുകാവ് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് വി.പി.ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കൊല്ലോളി, ചെറുകാവ് ഗ്രാമഞ്ചായത്ത് അംഗങ്ങളായ പി.വി.എ.ജലീൽ, ബദറു പേങ്ങാട്, കെ.പി.ഉണ്ണി, പുളിക്കൽ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.എസ്.സന്തോഷ്, കൊണ്ടോട്ടി ട്രാഫിക്ക് സബ് ഇൻസ്പെക്ടർ ഒ.കെ.രാമചന്ദ്രൻ,
കൊണ്ടോട്ടി ബ്ലോക്ക് സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ എം.അനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കൃഷ്ണൻ, കെ.കെ.നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വിജേഷ് കുമാർ, പി.നിഷ, പി.മുരളി, യു.റൗഫ്, സന്തോഷ്, ജെ.പി.എച്ച്. എൻ.ഹരിപ്രിയ, സിവിൽ പോലീസ് ഓഫീസർമാരായ വി.ഹരിദാസൻ, കെ.രാജേഷ്, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.