പാലക്കാട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ ആദ്യമായി സ്ഥാപിക്കുന്ന പാൽ പരിശോധനാ ലബോറട്ടറിയുടെ ഉദ്ഘാടനംനാളെ മീനാക്ഷിപുരത്തു നടക്കും. വൈകുന്നേരം നാലിനു ക്ഷീരവികസന മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. കെ.കൃഷ്ണൻകുട്ടി എംഎൽഎ അധ്യക്ഷനാകും. പി.കെ.ബിജു എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കളക്ടർ പി.മേരിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളിലൂടെ ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്ഥിരം പാൽ പരിശോധന ലബോറട്ടറികൾ ഘട്ടംഘട്ടമായി ഒരുക്കുന്നതിന്റെ ആദ്യ പടിയായാണ് മീനാക്ഷിപുരത്ത് ആദ്യ ലബോറട്ടറി സജ്ജമാക്കിയത്. ടാങ്കർ ലോറികളിലെത്തുന്ന പാലിന്റേയും പാക്കറ്റ് പാലിന്റേയും പരിശോധനയ്ക്ക് 24 മണിക്കൂറും ലബോറട്ടറി പ്രവർത്തിക്കും. പാലിന്റെ ഗുണമേന്മ കൂടാതെ പാലിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ലബോറട്ടറിയിലുണ്ടാവും.