ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കൂട്ടുപുഴയിൽ എംഡിഎംഎയുമായി ദന്പതികളെന്ന വ്യാജേന എത്തിയ യുവാവും യുവതിയും പിടിയിൽ. എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ പിടിയിലായത്.
കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് പിടിയിലായത്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ പായ്ക്കറ്റിൽ സംശയം തോന്നാത്ത രീതിയിൽ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാലിന്റെ നിർദേശപ്രകാരം കണ്ണൂർ റൂറൽ ജില്ലയിൽ നടത്തി വരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കണ്ണൂർ ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തിലെ കണ്ണികളാണ് പിടിയിലായത്. പ്രതികൾ പയ്യാമ്പലം ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ച് വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്തതിൽനിന്നു വ്യക്തമായതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂട്ടുപുഴ ചെക്പോസ്റ്റിലൂടെ ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തൽ വ്യാപകമാണെന്ന് നേരത്തെതന്നെ ആക്ഷേപം ഉയർന്നിരുന്നു. പോലീസിന്റെയും എക്സൈസിന്റെയും ആർടിഒയുടെയും ഉൾപ്പെടെ ചെക്പോസ്റ്റുകൾ ഇവിടെ ഉണ്ടെങ്കിലും വ്യത്യസ്തമായ രീതികളിൽ മയക്കുമരുന്ന് നിർബാധം കടത്തുന്നുണ്ടെന്നു പറയുന്നു.