ചിറ്റൂർ: മീനാക്ഷിപുരം മൂലക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽനിന്നും വരുന്ന ചരക്കുവാഹനങ്ങളുടെ പരിശോധന പ്രഹസനമാകുന്നതായി പരാതി. രാത്രിയും പകലുമായി തമിഴ്നാട്ടിൽനിന്നുള്ള നിരവധി ചരക്കുലോറികളാണ് ഇതുവഴി കടന്നുപോകുന്നത്.
ടാർപോളിൻ മറച്ചുവരുന്ന വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ ജീവനക്കാർ മെനക്കെടാറില്ല. മൂലക്കട ചെക്ക്പോസ്റ്റിൽ ജീവനക്കാർക്ക് വാഹനപരിശോധനയ്ക്കു കയറാൻ സ്റ്റാൻഡ് അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ഈ സ്റ്റാൻഡും കാണുന്നില്ല.
പൊള്ളാച്ചിയിൽനിന്നുള്ള ബസുകൾപോലും കയറി പരിശോധന നടത്താതെയാണ് കടത്തിവിടുന്നുന്നത്. ഗോവിന്ദാപുരം, ഗോപാലപുരം ചെക്ക്പോസ്റ്റുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പതിവായി പിടികൂടുന്നുണ്ട്. എന്നാൽ മൂലക്കടയിൽ രണ്ടുവർഷത്തിനിടെ കള്ളക്കടത്ത് സംബന്ധമായ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലത്രേ.
വാഹനപരിശോധന പ്രഹസമായതോടെ പൊള്ളാച്ചിയിൽനിന്നും കൊടുവായൂർ, തൃശൂർ ഭാഗത്തേക്കുള്ള കഐസ്ആർടിസികളിലും സ്വകാര്യബസുകളിലും വൻതോതിൽ കഞ്ചാവ് കടത്തുന്നതായി യാത്രക്കാർ പറഞ്ഞു.