
പാലക്കാട്: അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് ആരോഗ്യ പരിശോധന നടത്താനായി വാളയാറില്‍ ഒരുക്കിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. വാണിജ്യ നികുതി വകുപ്പിന്റെ പഴയ ചെക്ക്പോസ്റ്റ് കെട്ടിടത്തില്‍ 14 കൗണ്ടറുകള്‍ നാലു ട്രാക്കുകളിലായി ഒരുക്കിയിട്ടുണ്ട്.
പാലക്കാട്ട് കുടുങ്ങിയ ഇതര സംസ്ഥാനക്കാരെ മടക്കി അയയ്ക്കാന്‍ ഒരു ട്രാക്കിലായി രണ്ടു കൗണ്ടറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം നല്‍കുന്നത്. പ്രതിദിനം 500 പേര്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവരില്‍ രോഗികള്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന രക്ഷിതാക്കള്‍, ഇന്റര്‍വ്യൂകള്‍, തീര്‍ഥാടനം എന്നിവയ്ക്കു പോയവര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
വാഹനങ്ങള്‍ അതിര്‍ത്തിയില്‍ അണുവിമുക്തമാക്കിയാണ് പരിശോധനാ കേന്ദ്രത്തിലേക്ക് കടത്തിവിടുന്നത്. ടാക്സികളില്‍ വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍വച്ച് സ്വന്തം വാഹനങ്ങളിലേക്കു മാറാം. അതിര്‍ത്തികടന്ന് എത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈനിലേക്കു മാറ്റും.
ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീടുകളിലേക്കു പോകാന്‍ അനുമതി നല്‍കുമെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നു നിര്‍ബന്ധമാണ്.