പഴയന്നൂർ: മുന്നറിയിപ്പുകൾ അവഗണിച്ച് കൊണ്ടാഴി എഴുന്നള്ളത്ത് കടവിൽ ചെക്ക് ഡാമിന് മുകളിലൂടെയുള്ള ബൈക്കുയാത്ര അപകടം വിളിച്ചു വരുത്തുന്നു. ചെറുതായൊന്നു പിഴച്ചാൽ ജീവൻ തന്നെ നഷ്ടമായെന്നു വരും.15 മിനിറ്റ് ലാഭിക്കാൻ വേണ്ടിയാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്.ഇവിടെ ശക്തമായ നീരൊഴുക്കാണുള്ളത്. താഴെ പാറക്കെട്ടുകളും നിറഞ്ഞുനിൽക്കുന്നു.
ഇതിലൂടെ യാത്ര ചെയ്യാതിരിക്കാനായി അധികൃതർ കഴിഞ്ഞ ദിവസം സ്ഥാപിച്ച ചങ്ങലയും സംവിധാനങ്ങളും സാമൂഹ്യ വിരുദ്ധർ തകർത്തിരുന്നു. ഇതിനു ശേഷമാണ് ബൈക്ക് യാത്രികർ തിരുവില്വാമല ഭാഗത്തേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന് ചെക്ക്ഡാമിന് മുകളിലൂടെയുള്ള വഴി തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് ഡാമിന്റെ തടയണയിലൂടെ സഞ്ചരിച്ച ബൈക്ക് ഒഴുക്കിൽ പെട്ട് രണ്ടുപേർ വെള്ളത്തിൽ വീഴുകയും ഒരാൾ മരിക്കുകയുമുണ്ടായി. മുൻ വർഷം ഓട്ടോറിക്ഷ ഒഴുകി താഴേക്ക് പതിക്കുകയും ചെയ്തു. ഇത്തവണ അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് മഴക്കാലത്തുള്ള യാത്ര തടയാൻ കൊണ്ടാഴി പഞ്ചായത്തു ചങ്ങല സ്ഥാപിച്ചത്.
ഡാമിലെ ശക്തമായ നീരൊഴുക്ക് വകവെക്കാതെ കുളിക്കാൻ ഇറങ്ങുന്നവരും, ഡാമിന്റെ ഭിത്തിയിലൂടെ യാത്ര ചെയ്യുന്നവരുമാണ് അപകടത്തിൽ പെടുന്നത്. ഇരുകരകളിലും അപായ മുന്നറിയിപ്പും സംവിധാനവും വേണമെന്ന ആവശ്യം ഇതോടെ ശക്തമായി.