എരുമേലി: പ്രളയം വിപത്ത് ആണെങ്കിലും പൊതു ഖജനാവ് പാഴാക്കിയതിന്റെ തെളിവ് സ്പഷ്ടമായി വെളിവാക്കിയിരിക്കുകയാണ് പാക്കാനത്ത്. പത്ത് വർഷം മുമ്പ് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് നിർമിച്ച സംരക്ഷണ ഭിത്തി പൊളിഞ്ഞു വീണപ്പോൾ നാട്ടുകാർക്ക് കാണാനായത് നിർമാണത്തിൽ നടന്ന അഴിമതിയാണ്.
പാക്കാനത്ത് തോട്ടിൽ ചെക്ക് ഡാമിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞയിടെ പ്രളയത്തിൽ തകർന്നിരുന്നു. വെള്ളപ്പൊക്കം താഴ്ന്നപ്പോൾ ഭിത്തിയിലെ തകർന്ന ഭാഗങ്ങൾ ദൃശ്യമായി. തോട്ടിലെ കല്ലുകൾ ആണ് ഭിത്തിയിൽ കരിങ്കല്ലിനു പകരം നിർമിക്കാൻ ഉപയോഗിച്ചതെന്ന് വ്യക്തമായി. കരിങ്കല്ലുകൾ ഉപയോഗിച്ച് ഭിത്തി നിർമിക്കാൻ അനുവദിച്ച പദ്ധതിയാണിതെന്ന് നാട്ടുകാർ പറയുന്നു.
കരാറെടുത്തയാൾ തോട്ടിലെ ചരലുകളും വെള്ളാരം കല്ലുകളും ആണ് ഭിത്തി നിർമിക്കാൻ ഉപയോഗിച്ചത്. ഭിത്തിയിൽ പേരിന് പോലും കരിങ്കല്ലുകളില്ല. ഇരുവശങ്ങളും സിമന്റ് മിശ്രിതത്തിൽ നിർമിച്ചതിനാൽ ഉള്ളിൽ കരിങ്കല്ലുകളായിരിക്കുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ പ്രളയത്തിൽ സിമന്റ് മിശ്രിതം ഒലിച്ചുപോയതോടെ വാസ്തവം വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ അന്വേഷണവും നടപടികളും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.