മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി ചെക്ക്ഡാം നവീകരണപ്രവൃത്തികൾ അന്തിമഘട്ടത്തിൽ. ഡാമിന്റെ പ്രധാന ഷട്ടറിനു താഴെയുള്ള ചെക്ക്ഡാമിന്റെ നവീകരണമാണ് നടക്കുന്നതെന്ന് ജലേസചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ മജീദ് പറഞ്ഞു. 17.8 കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞിരപ്പുഴ ഡാമിൽ ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം പുരോഗമിക്കുന്നത്. നാല്പത്തെട്ടു പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്.
ജില്ലയിലെ പ്രധാന ജലസംഭരണികളിൽ ഒന്നാണ് കാഞ്ഞിരപ്പുഴഡാം. ആറു പഞ്ചായത്തുകളിലേക്ക് കാർഷികാവശ്യത്തിനും മൂന്നു പഞ്ചായത്തുകളിലേക്ക് സ്പിൽവേയിലെ കുടിവെള്ള ആവശ്യത്തിനും ഇവിടെനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. ഡാമിനകത്തെ ഗ്രൗട്ടിംഗ്, ചോർച്ച തടയൽ ഉൾപ്പെടെയും ഷട്ടറിന്റെ 80 ശതമാനം നവീകരണവും പൂർത്തിയായി.
സ്പിൽവേയിലൂടെ വെള്ളം ഒഴുകിവരുന്ന ബക്കറ്റ് പൂർണമായും വൃത്തിയാക്കി സിമന്റുകൊണ്ടുള്ള ഗ്രൗട്ടിംഗ് പണികളും നടക്കുന്നു. സ്പിൽവേയിൽനിന്നും വെള്ളം വന്നുവീഴുന്ന ഭാഗത്ത് ചെളിയും മറ്റും നീക്കംചെയ്താണ് ഡാമിന്റെ നവീകരണ പ്രവൃത്തി നടക്കുന്നത്. ചെക്ക്ഡാമിലെ വെള്ളംമുഴുവൻ വറ്റിച്ചതിനാൽ കാഞ്ഞിരപ്പുഴ മേജർ കുടിവെള്ളപദ്ധതിയിലെ വെള്ളംവിതരണം ഏതാനും ദിവസമായി മുടങ്ങി.
ചെക്ക്ഡാമിന്റെ നിലവിലുള്ള ഭാഗത്തുനിന്നും മൂന്നുമീറ്ററോളം ഉൾവശത്തേക്ക് കുഴിച്ചതിനുശേഷമാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ഡാമിന്റെ നിർമാണത്തിനുശേഷം സ്പിൽവേയുടെയും മറ്റും ഗ്രൗട്ടിംഗ് ഉൾപ്പെടെയുള്ള നിർമാണപ്രവൃത്തികളും ഇതുവരെ നടത്തിയിട്ടില്ല.
സ്പിൽവേയിലെ പഴയ ഗ്രൗട്ടിംഗ് കാലപ്പഴക്കംമൂലം അടർന്നുപോയി. ഡാമിന്റെ നവീകരണത്തോടനുബന്ധിച്ച് ചെയ്തിരിക്കുന്നതിനാൽ കൂടുതലായുള്ള ധനനഷ്ടം ഈ പ്രവൃത്തിക്ക് വന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ചെക്ക്ഡാമിൽ വെള്ളം വറ്റിയതോടെ ഇതിൽനിന്നും മീൻപിടിക്കാൻ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.
രണ്ടുദിവസത്തിനകം നിർമാണപ്രവൃത്തികൾ പൂർത്തിയാകുമെന്നാണ് അസിസ്റ്റന്റ് എൻജിനീയർ പറയുന്നത്.