കണ്ണൂർ: കണ്ണൂരിൽ പോലീസും മോട്ടോർവാഹന വകുപ്പും നിയമം കർശനമാക്കുന്നു. കടകളിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ എടുക്കാൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര നിർദേശം നല്കിയിട്ടുണ്ട്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരേയും വ്യാപാരികൾക്കെതിരേയും കേസെടുക്കും.
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കാമറകൾ സ്ഥാപിക്കും. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താൻ കാമറയുമായി പോലീസുകാരെ മഫ്തിയിൽ പ്രധാന ടൗണുകളിൽ വിന്യസിക്കും. നിയമം തെറ്റിക്കുന്നവരോട് ഉപദേശം വേണ്ട നടപടി മതിയെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശം.
മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ വാഹനപരിശോധനയും കർശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചു തുടർന്ന് സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് വാഹനപരിശോധന കർശനമാക്കുന്നത്.
ബസുകളിലും മറ്റ് വാഹനങ്ങളിലും നിശ്ചയിച്ചതിലും കൂടുതൽ ആളുകളെ കയറ്റിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമയ്ക്കെതിരേ കേസെടുക്കുകയും ചെയ്യും.
അമിത വേഗതക്കെതിരേ കർശന നടപടിയെടുക്കാനും മാസ്ക്കും ഹെൽമറ്റും ധരിക്കാതെ പോകുന്ന ഇരുചക്ര വാഹനയാത്രികർക്കെതിരേ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്. നിയമം തെറ്റിക്കുന്നവരുടെ വീഡിയോ എടുത്ത് നടപടിയെടുക്കാനാണ് നിർദേശം.