കൊച്ചി: മധ്യകേരളത്തിലെ നാല് ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 25 പേർ പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഐജി പി. വിജയന്റെ നിർദേശ പ്രകാരമായിരുന്നു നടപടി.
വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്കൂൾ ബസുകളിൽ മാത്രം പരിശോധന നടത്തുകയായിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതൽ ഡ്രൈവർമാർ കുടുങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു.