പയ്യന്നൂര്‍: യുഎഇയിൽ സാധനങ്ങൾ വാങ്ങിയ ശേഷം അക്കൗണ്ടിൽ പണില്ലാത്ത ചെക്ക് നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കണ്ണൂർ സ്വദേശി മുങ്ങിയതായി പരാതി. അഴീക്കോട് മൈലാത്തടം സ്വദേശിയും മുമ്പ് പയ്യന്നൂര്‍ കാനായി മണിയറയിലെ താമസക്കാരനുമായ പലേരി വണ്ണാരത്ത് ശ്രീകാന്തിനെതിരെയാണ് കേസ്.
സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള 7,80,000 ദിര്‍ഹത്തിന് വണ്ടിച്ചെക്ക് നല്‍കുകയും കേസിന്റെ വിചാരണക്കിടയില്‍ മുങ്ങുകയും ചെയ്തെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസെടുത്ത പയ്യന്നൂര്‍ പോലീസ് ഇയാളെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. 2011 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം.
അബുദാബിയിലെ ഹെവി മെഷിനറി സ്ഥാപനമായ സുല്‍ത്താന്‍ കമ്പനിയുടെ എജന്റായ മുഹമ്മദ് ഷെരീഫിന് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന 7,80,000 ദിര്‍ഹത്തിന് (അന്നത്തെ 93 ലക്ഷത്തോളം രൂപ) പത്ത് ചെക്കുകള്‍ പ്രതി നല്‍കിയിരുന്നു.
എന്നാല്‍ അക്കൗണ്ടില്‍ പണമില്ല എന്നും താന്‍ കബളിപ്പിക്കപ്പെട്ടതാണെന്നും മനസിലാക്കിയ പരാതിക്കാരന് ബാങ്കില്‍നിന്നും മടങ്ങിയ ചെക്കുമായി കോടതിയെ സമീപിക്കുകയായിരുന്നു.
നിയമ നടപടിക്കിടയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ ഒടുവില്‍ എംബസിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് എംബസി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറി.
എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദിനാണ് അന്വേഷണ ചുമതല.