കല്‍പ്പറ്റ: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനിടയാക്കിയത് കൃഷിഭവനുകളില്‍ പദ്ധതികളുടെ നിര്‍വഹണത്തിനു ലഭിച്ച അലോട്ട്മെന്റുകളിൽനിന്ന് വ്യക്തിഗത ചെക്കുകളിലൂടെ 71,29,835 രൂപ മാറിയെടുത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിച്ചത്.
ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ 2017 നവംബര്‍ 22,23 തിയതികളില്‍ നടത്തിയ പരിശോധനയിയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.
സ്ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശിപാര്‍ശയില്‍ ബാബു അലക്സാണ്ടറെ 2017 നവംബര്‍ 25നു സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനു ആഭ്യന്തര വിജിലിന്‍സ് വകുപ്പിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനും ജോലിയില്‍ വീഴ്ച വരുത്തിയതിനും ചട്ടങ്ങള്‍ ലംഘിച്ചതിനും ബാബു അലക്സാണ്ടര്‍ക്കു 2017 ഡിസംബര്‍ 23നു മെമ്മോ നല്‍കിയിരുന്നു.
പ്രതിവാദ പത്രികയിലെ വാദങ്ങള്‍ തൃപ്തികരമല്ലാത്തതിനാല്‍ കഠിനശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഔപചാരിക അന്വേഷണത്തിനു 2018 ഓഗസ്റ്റ് 31നു ഉത്തരവായി.
സസ്പെന്ഷന് നീക്കിക്കിട്ടുന്നതിനും അച്ചടക്ക നടപടിയില്‍ അടിയന്തര തീര്പ്പുതേടിയും ബാബു അലക്സാണ്ടര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ഒഎ1674/ 2019 നമ്പരായി കേസ് ഫയല്‍ ചെയ്യുകയുണ്ടായി.
പരാതിക്കാരനെ സര്‍ക്കാര്‍തലത്തില്‍ നേരില്‍ക്കേട്ട് സേവനത്തില്‍ രണ്ടു മാസത്തിനകം തിരികെ പ്രവേശിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണെന്നും അച്ചടക്ക നടപടി നാലു മാസത്തിനകം തീര്‍പ്പാക്കണമെന്നും 2019 ഓഗസ്റ്റ് 16നു ട്രിബ്യൂണല്‍ ഉത്തരവായി.
ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 11നു നടത്തിയ ഹിയറിംഗില്‍ നിയമങ്ങളും ചട്ടങ്ങളും പാലക്കാതെയാണ് ഔപചാരിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നു ബാബു അലക്സാണ്ടര്‍ വാദിച്ചു.
ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡിന്റെ പരിശോധനയില്‍ 71,29,875 രൂപയുടെ വിനിയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ബാധ്യത തന്റേതായി നിലനിര്ത്തുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി.
കഠിനശിക്ഷയ്ക്കുള്ള കുറ്റാരോപണ മെമ്മോ നല്കുമ്പോള് നിയമന ഉദ്യോഗസ്ഥന് തന്നെ നേരില്‍ കേള്‍ക്കുന്നതിനോ രേഖകള്‍ വായിക്കുന്നതിനോ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിനോ അവസരം നല്‍കിയില്ലെന്നും വാദിച്ചു.