കാട്ടിക്കുളം/ മാനന്തവാടി: കഞ്ചാവുമായി വരികയായിരുന്ന യുവാക്കൾ ബൈക്കിടിപ്പിച്ചു തകർത്ത ചെക്പോസ്റ്റ് ബാരിക്കേഡ് ദേഹത്തു തട്ടി രണ്ടു എക്സൈസ് ഉദ്യോഗസ്ഥർക്കു പരിക്ക്. കേരള-കർണാടക അതിർത്തിയിലെ ബാവലി എക്സൈസ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന പ്രിവന്റീവ് ഓഫീസർ കെ.ജെ. സന്തോഷ്(43), സിവിൽ എക്സൈസ് ഓഫീസർ വിപിൻ വിത്സണ് (25)എന്നിവർക്കാണ് പരിക്കേറ്റത്.
കർണാടക ഭാഗത്തുനിന്നു വന്ന ബൈക്കാണ് ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ചതെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്തോഷിന്റെ കാലിലെയും വിപിന്റെ കൈയിലെയും അസ്ഥി പൊട്ടി. സന്തോഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും വിപിനെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽമാനന്തവാടി കണിയാരം തോപ്പിൽ ഋഷികേശ്(19), കാരയ്ക്കാമല വിജിത്ത് നിവാസിൽ നിഖിൽ(20) എന്നിവരെ തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽനിന്നു 200 ഗ്രാം കഞ്ചാവു കണ്ടെടുത്തു.