ചിറ്റൂർ: താലൂക്കിലുള്ള തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ ക്യാമറകൾ സ്ഥാപിച്ച് കഞ്ചാവ് കടത്ത് ഫലപ്രദമായി തടയണമെന്ന് കെ. കൃഷ്ണൻകുട്ടി എംഎൽഎ എക്സൈസ് ജീവനക്കാർക്ക് നിർദേശം നൽകി. ചിറ്റൂരിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലന്പുഴയിൽനിന്നും വേലന്താവളത്തേക്ക് കുടിവെള്ളം എത്തിക്കുന്നതിലുള്ള താമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കുന്ദംകാട്ടുപതി, കന്പാലത്തറ, ജലസംഭരണ പ്രദേശങ്ങളിൽ വർഷങ്ങളായും അതിക്രമിച്ചു കുടിൽകെട്ടി താമസിക്കുന്നതിൽ ജലസേചനവകുപ്പുകാണിക്കുന്ന അനാസ്ഥ വിമർശനത്തിനിടവരുത്തി.
നെല്ലുസംഭരണത്തിന് കർഷകരിൽനിന്നും കയറ്റുകൂലി ഈടാക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് നടപടി എടുക്കണമെന്ന് യോഗത്തിൽ കർഷകർ പരാതി നൽകി.കന്പാലത്തറ ഏരിയിൽ നിലവിലുള്ള രണ്ടു മീറ്റർജലം ഉടൻ ഇടതുകനാലിൽ ഇറക്കാനും വികസന സമിതിചെയർമാൻ നിർദേശം നൽകി.
കൃഷി ഓഫീസിന് മിനി സിവിൽസ്റ്റേഷനിൽ കെട്ടിട സൗകര്യം അനുവദിച്ചിട്ടും ഓഫീസ് മാറ്റാത്തതും ചർച്ചയ്ക്കിടവരുത്തി. യോഗത്തിൽ കെ.ബാബു എംഎൽഎ, തഹസിൽദാർ വി.കെ. രമ, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ.മധു, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ. ബബിത, ജി. മാരിമുത്തു, ബേബിസുധ, ജയശ്രീ, നഗരസഭാ കൗണ്‍സിലർ, പഞ്ചായത്തംഗങ്ങളായ കെ. സുരേഷ്, കാളീശ്വരി എന്നിവർ പ്രസംഗിച്ചു.