കണ്ണൂർ: “”ഇത്രയും ദിവസങ്ങൾ എന്നെ നല്ലതുപോലെ നോക്കിയില്ലേ? സ്നേഹത്തോടെ പെരുമാറിയില്ലേ? അതുകൊണ്ട് എന്തെങ്കിലും ഉപഹാരം നൽകണമെന്നുണ്ട്. വിലകൊടുത്തു വാങ്ങിയതാണ് ഗുഡ്സ് ഓട്ടോറിക്ഷ നിറയെ ചെടികളുമായിട്ടാണ് വന്നത്. ഗെയിറ്റ് തുറക്കൂ.”
ഇത് ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷിന്റെ വാക്കുകളാണ്. കഴിഞ്ഞദിവസം അതിരാവിലെ കണ്ണൂർ സ്പെഷൽ സബ് ജയിലിലെത്തി ജയിൽ സബോർഡിനേറ്റ് ഓഫീസറോടാണ് ഇക്കാര്യം പറഞ്ഞത്.
തനിച്ച് ഗുഡ്സ് ഓട്ടോ ഓടിച്ച് ജയിലിനു മുന്നിലെത്തിയ തുരപ്പനെ കണ്ട് ജയിൽ അധികൃതർ അന്പരുന്നു. നല്ല ചെടികളാണ്, വിലകൊടുത്തു വാങ്ങിയതാണെന്ന് പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ ജയിൽ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു.
തുരപ്പൻ ഒരു ഗുഡ്സ് നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു. ജയിലിൽ അതൊന്നും വേണ്ടെന്നു പറയൂ എന്ന് സൂപ്രണ്ട് പറഞ്ഞു. ഉടൻ പോലീസിനെ വിളിക്കാനും നിർദേശം നൽകി.
സംഗതി പന്തിയല്ലെന്നു കണ്ട തുരപ്പൻ സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ ജയിൽ വളപ്പിൽ തന്നെ ഗുഡ്സിൽ എത്തിച്ച മുഴുവൻ ചെടികളും ഇറക്കിവച്ച് രക്ഷപ്പെട്ടു. തുടർന്ന് സൂപ്രണ്ട് ടി.കെ. ജനാർദ്ദനൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ പറശിനി പാലത്തിനടുത്ത് ഗുഡ്സ് ഓട്ടോ പോലീസ് പിടികൂടിയെങ്കിലും തുരപ്പൻ ഓടിപ്പോയി. പിന്നീട് തളിപ്പറന്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാർ നടത്തിയഅന്വേഷണത്തിലാണ് കഥയുടെ ചുരുളഴിഞ്ഞത്.
പെരിങ്ങോം മാത്തിൽ വൈപ്പിരയത്തെ ഒരു കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ കൊള്ളയടിച്ച ശേഷം സമീപത്തെ റബർ ഷീറ്റ് കടയിലും നഴ്സറിയിലും മോഷണം നടത്തി. ഇവ കടത്തിക്കൊണ്ടുപോകാനാണ് ഗുഡ്ഓട്ടോ മോഷ്ടിച്ചത്. അവിടെ നിന്നാണ് 24 ചെടികളും മോഷണം നടത്തി ജയിലിലെത്തിച്ചത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് തുരപ്പൻ സന്തോഷ്. സ്വന്തമായി വീടോ ബന്ധുക്കളോ മൊബൈൽ ഫോണോ പോലും സന്തോഷിനില്ല.
ചെറിയ കന്പികഷ്ണങ്ങൾ ഉപയോഗിച്ചുള്ള ആയുധമാണ് മോഷണത്തിനായി ഉപയോഗിക്കുന്നത്. അതുപയോഗിച്ച് ഏതും തുരക്കും അങ്ങനെയാണ് തുരപ്പൻ സന്തോഷ് എന്ന പേരുവന്നത്.
ജയിലിലെ ഒന്നോ രണ്ടോ മാസത്തെ ശിക്ഷ കഴിഞ്ഞാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തുകയാണ് പതിവ്. എന്നാൽ ജയിലിൽ “നല്ലകുട്ടിയാണ്’.കഠിനധ്വാനിയായ ഇയാൾ ജയിൽ ജീവനക്കാരോടും സഹതടവുകാരോടും സൗമ്യമായിട്ടാണ് പെരുമാറിയിരുന്നത്.
മലയോര മേഖലയിലാണ് പ്രധാന താവളം. മോഷണത്തിൽ ലഭിക്കുന്ന പണം കൊണ്ട് ആഢംബരജീവിതം നയിക്കുകയാണ് പതിവ്.
ജയിലിലെത്തിയാൽ മോഷണവിവരങ്ങൾ ോപലീസിനോട് തുറന്നുപറയുന്ന സ്വഭാവവും ഇയാൾക്കുണ്ട്. ജയിലിൽ ഇറക്കിയ പൂച്ചെടികൾ പിന്നീട് ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.