അരിന്പൂർ: ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ യുവാക്കളുടെ സംഘശക്തിയിൽ ആയിരക്കണക്കിനു ചെണ്ടുമല്ലിപ്പൂക്കളുടെ വസന്തം വിരിഞ്ഞു.എറവ് കപ്പൽപ്പള്ളിയ്ക്കടുത്ത് റോഡരികിലെ പറന്പിലാണ് മഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ ഓണപ്പൂക്കളങ്ങളിലേക്ക് വിരിഞ്ഞത്. ട്വന്റി പ്ലസ് ഫ്രണ്ട്സ് ക്ലബിന്റെ പ്രവർത്തകരായ 25 ചെറുപ്പക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് ഈ ഓണപ്പൂവുകളുടെ വിളവെടുപ്പ്.
നാട്ടുകാരും മുംബൈ മലയാളിയുമായ കിടങ്ങൽ ജോർജിന്റെ റോഡരികിലെ 20 സെന്റ് സ്ഥലത്താണ് ഇവർ പൂകൃഷിയിറക്കിയത്. പൂകൃഷി ചെയ്യാൻ സൗജന്യമായാണ് ജോർജ് സ്ഥലം നൽകിയത്. മണ്ണുത്തിയിലെ സ്വകാര്യ ഫാമിൽനിന്ന് രണ്ടായിരം തൈകൾ കൊണ്ടുവന്ന് കഴിഞ്ഞമാസം അഞ്ചിന് നട്ടു. 56 ദിവസം കൊണ്ട് പൂക്കൾ വിരിഞ്ഞു.
മഞ്ഞ, ചുവപ്പ് എന്നിങ്ങനെയുള്ള ചെണ്ടുമല്ലി തൈകളാണ് നട്ടത്. ആദ്യം വിരിയുന്നത് മഞ്ഞചെണ്ടുമല്ലി, ഇനി വിരിയാനുള്ളത് ചുവപ്പ് ചെണ്ടുമല്ലി.പശുവിന്റെ മൂത്രവും കപ്പലണ്ടി വേപ്പിൻ പിണ്ണാക്കുകളും ചാണകവും ലയിപ്പിച്ചെടുത്തുണ്ടാക്കിയ വളമാണ് പൂകൃഷി വളരാനിട്ടത്. കീടങ്ങളെ തുരുത്താൻ വേപ്പെണ്ണയും വെളുത്തുള്ളിയും ചേർനത്ത് ജൈവ കീടനാശിനിയും അടിച്ചു.
അങ്ങനെ തരിശാരി കിടന്ന സ്ഥലം പൂന്തോട്ടമാണ്. ഒരു ചെടിയിൽ ഒരു തവണ അഞ്ച് പൂക്കൽവീതം വിരിയും ഇങ്ങനെ നാലുതവണ വിളവെടുക്കാമെന്ന് ക്ലബ് പ്രവർത്തകർ പറഞ്ഞു. അന്യസംസ്ഥാനത്തുനിന്ന് പൂക്കൾ കൊണ്ടുവരുനത് ഒഴിവാക്കാനും നമ്മുടെ നാട്ടിൽ തന്നെ പൂക്കൾ ഉല്പാദിപ്പിക്കുകയും മറ്റുള്ളവർക്ക് മാതൃകയാക്കാനുമാണ് ലക്ഷ്യമെന്ന് ക്ലബ് പ്രവർത്തകർ വ്യക്തമാക്കി.
ഇന്നുരാവിലെ മുരളി പെരുനെല്ലി എംഎൽഎ പൂക്കൾ പറിച്ച് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂക്കൾ മാത്രമല്ല നൂറു സെന്റ് സ്ഥലത്ത് ഈ യുവാക്കൾ പച്ചക്കറിയും കൃഷിയിറക്കിയിട്ടുണ്ട്.