പയ്യന്നൂര്‍(കണ്ണൂർ): റിട്ട.അധ്യാപക ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കവർച്ച നടത്താനെത്തിയ സംഘം അധ്യാപികയെ കഴുത്തറത്തു കൊലപ്പെടുത്തി. കഴുത്തറത്ത് ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മംഗളൂരു ആശുപത്രിയിൽ. മുഖംമൂടി ധരിച്ചെത്തിയ കവർച്ചാസംഘമാണ് റിട്ട.അധ്യാപികയായ ചീമേനി പൊതാവൂര്‍ പുലിയന്നൂരിലെ പി.വി. ജാനകിയെ (65) കഴുത്തറത്ത് കൊലപ്പെടുത്തിയത്. കഴുത്തറത്ത നിലയിൽ ഭര്‍ത്താവ് കളത്തേര കൃഷ്ണന് മാസ്റ്ററെ(70) പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് മംഗളൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ അധ്യാപക ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. രാത്രി ഒമ്പതിന് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നപ്പോഴാണ് മുഖംമൂടി ധരിച്ചിരുന്ന മൂന്നുപേര്‍ കൃഷ്ണനെ തള്ളിമാറ്റി അകത്തു കയറി അതിക്രമങ്ങള്‍ കാണിച്ചത്. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ അകത്തെ മുറിയിലായിരുന്നു. കൃഷ്ണന് മാസ്റ്ററെ കട്ടിലില്‍ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം അക്രമികള്‍ പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറച്ചുപണമേ വീട്ടിലുള്ളുവെന്ന് പറഞ്ഞപ്പോള്‍ അതെടുത്ത് കൊടുക്കാനാവശ്യപ്പെട്ട അക്രമികള്‍ കൈകാലുകളുടെ കെട്ടഴിച്ചു.
മേശയിലുണ്ടായിരുന്ന പണം ഇദ്ദേഹം അക്രമികള്‍ക്ക് എടുത്തു കൊടുത്തപ്പോള്‍ സ്വര്‍ണം വേണമെന്നും ലോക്കറിന്റെ താക്കോല്‍ വേണമെന്നുമായി അക്രമികള്‍. വേറെയൊന്നും വീട്ടിലില്ല എന്നു പറഞ്ഞതോടെ ഒരാള്‍ പിന്നില്‍നിന്നും കൈകള്‍ പിറകോട്ട് പിടിക്കുകയും അപരന് കത്തികൊണ്ട് കഴുത്തറക്കുകയുമായിരുന്നു. കഴുത്തില്‍ മാരകമായ മുറിവേറ്റ് രക്തമൊഴുകുമ്പോഴും ഭാര്യയുള്ള മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞില്ല.
ഇദ്ദേഹം നല്കിയ പണവും ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുമായി അക്രമികള്‍ പോയ ശേഷമാണ് ഭാര്യയുടെ മുറിയിലെത്താന്‍ കൃഷ്ണന് മാസ്റ്റര്‍ക്ക് കഴിഞ്ഞത്. മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ് ഇദ്ദേഹം കണ്ടത്. ഇവരുടെ വായ വീതിയുള്ള പാര്‍സല്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. ഇവരുടെ മാല അക്രമികള്‍ കൊണ്ടുപോയി. കമ്മല്‍ കാതില്‍ തന്നെയുണ്ടായിരുന്നു. അക്രമികള്‍ കൊണ്ടുപോകാതിരുന്ന ഭാര്യയുടെ ഫോണിലാണ് അവശതയുണ്ടെങ്കിലും മനസാന്നിധ്യം കൈവിടാതെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരമറിയിച്ചത്. 50,000 രൂപയും, മാല, മോതിരം എന്നിവ നഷ്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
മകന് മഹേഷിനേയും മകളേയും വിളിച്ച് വിരമറിയിച്ചപ്പോഴേക്കും കൃഷ്ണന് മാസ്റ്റര്‍ തളര്‍ന്നിരുന്നു. പോലീസും അയല്‍ക്കാരുമെത്തി ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഭാര്യ മരിച്ചിരുന്നു . അക്രമികള്‍ മലയാളവും ഹിന്ദിയും സംസാരിച്ചിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. മക്കൾ: മഹേഷ്, ഗീത (അധ്യാപിക, രാമന്തളി ചിതംബരനാഥ് യുപി സ്കൂൾ), മനോജ് കുമാർ (പ്രഫസർ,പട്ടാന്പി ആയുർവേദ കോളജ്), പ്രീത (തിരുവനന്തപുരം).