അഭിലാഷ് തോപ്പിൽ
തോപ്പുംപടി: പൈതൃക ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയുടെ പ്രധാന ആകർഷണമായ ചീനവലകൾ കടൽ ഉൾവലിയുന്നതുമൂലം കരയിലായി. ഇതോടെ വലകൾ കടലിലേക്ക് താഴ്ത്താനാവാത്ത അവസ്ഥയിലാണ്. പതിനൊന്ന് ചീനവലകളിൽ അഞ്ചെണ്ണമാണ് പൂർണമായും കരയിലായിരിക്കുന്നത്.
ചീനവലകൾ കരയിലായതു കൂടി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം അടഞ്ഞിരിക്കുകയാണ്. നൂറോളം തൊഴിലാളികളാണ് ചീനവലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നത്. കടൽ ഇറങ്ങാറുണ്ടെങ്കിലും കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി കര മാറാതെ നിൽക്കുന്നത് അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഫോർട്ടുകൊച്ചിയിലെ ചീനവലകൾ. പ്രധാനമായും ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ചീനവലയുടെ പ്രവർത്തന രീതി കാണുവാനും വല വലിക്കുവാനും വല ഉടമകൾ ഇവിടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളോടൊപ്പം അവർ വല വലിക്കുന്നതും ഇവിടെ കാണാം. ഇതിന്റെ രൂപവും പ്രവർത്തനവുമാണ് സഞ്ചാരികൾളെ പ്രിയങ്കരമാകുന്നത്.
ലോകത്തിൽ തന്നെ ഏറ്റവും വലിയ ചീനവലകളാണ് കൊച്ചിയിൽ ഉള്ളത്, ചൈനയിൽ ചീനവലകൾ ഇന്ന് കാണാനില്ലെന്നും അവ കൊച്ചിയിൽ നിലനിൽക്കുന്നത് അത്ഭുതമാണെന്നും ഫോർട്ട്കൊച്ചി സന്ദർശിച്ച ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇവ ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിന് അവർ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും സാങ്കേതിക പ്രശ്നം പറഞ്ഞ് സർക്കാർ അത് ചെവിക്കൊണ്ടില്ല.
ചീനവലകൾ സംരക്ഷിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയാറാക്കിയെങ്കിലും ഇപ്പോഴും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുകയാണ്. ചീനവല സംഘടനകളുടെ സഹകരണത്തോടെയുള്ള സംരക്ഷണ പദ്ധതി കിറ്റ്കോയെയാണ് ഏല്പിച്ചിരുന്നത്. 2015 ൽ ആദ്യ ഘട്ട പദ്ധതിക്ക് 75 ലക്ഷം രൂപ കിറ്റ്കോയ്ക്ക് കൈമാറിയതുമാണ്. പക്ഷേ പദ്ധതി മുന്നോട്ട് പോയില്ല.
ചീനവലയ്ക്ക് ഉപയോഗിക്കുന്ന തരത്തിൽ ഒന്പത് അടി നീളത്തിലുള്ള തേക്കിൻ തടികൾ മുറിക്കുവാൻ വനം വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിവരുമെന്നതും പദ്ധതിക്ക് തടസമായി. തേക്കിന് പകരം ഇരുന്പ് പൈപ്പ് ഉപയോഗിക്കാമെങ്കിലും വലകൾക്കും മറ്റുമായി ലക്ഷങ്ങൾ വേണ്ടിവരും.
ചീനവലകൾ ഇത്തരത്തിൽ നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നത് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. ചീനവലകൾ സംരക്ഷിച്ചു നിർത്തുവാൻ സർക്കാർ നടപടി വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് ചീനവല ഉടമകളും തൊഴിലാളികളും.