തുറവൂർ: അന്ധകാരനഴി പൊഴിമുറിഞ്ഞ് ഓരുവെള്ളം കയറിയിട്ടും പൊഴിച്ചാലിലും തോടുകളിലും മത്സ്യ ഉത്പാദനം കുറഞ്ഞു. മുൻവർഷങ്ങളിൽ പൊഴിയിലേക്ക് കടലിൽനിന്നു ഉപ്പുവെള്ളം കയറി തുടങ്ങുന്പോൾതന്നെ മത്സ്യക്കുഞ്ഞുങ്ങളുടെ വൻ തോതിലുള്ള ഉത്്പാദനം നടക്കുന്നതാണ്.
പ്രത്യേകിച്ച് ചെമ്മീൻ ചോലകളുടെ വൻ തോതിലുള്ള ഉത്പാദനം നടക്കും. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉണ്ടാകാത്തത് ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വൻ പ്രതീക്ഷയോടെ ആയിരങ്ങൾ മുടക്കി ചീനവലകൾ അറ്റകുറ്റപ്പണികൾ നടത്തിയും പുതുക്കി നിർമിച്ചും മത്സ്യക്കൊയ്ത്തിന് തയാറെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ദിവസം പത്തു മുതൽ 25 കിലോഗ്രാം വരെ നാരൻ ചെമ്മീനും മറ്റു മത്സ്യങ്ങളും ലഭിച്ചിരുന്നതാണ്.
എന്നാൽ ഇത്തവണ അഞ്ചു കിലോ ചെമ്മിൻ പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വീശു വലക്കാരുടെയും അവസ്ഥയും ഇതു തന്നെയാണ്.പൊഴിച്ചാലിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് മത്സ്യ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്.
പഞ്ചായത്തുകൾ സന്പൂർണ ശുചിത്വ പദ്ധതിയിൽ തോടുകളുടെയും പൊഴിച്ചാലിന്റെയും ശുദ്ധീകരണം കൂടി ഉൾപ്പെടുത്തിയാൽ വൻതോതിലുള്ള മത്സ്യ ഉത്പാദനം വീണ്ടും തോടുകളിലും പൊഴിച്ചാലിലും ഉണ്ടാകും.