പള്ളുരുത്തി: കുമ്പളങ്ങി കായലിൽ നീരൊഴുക്കിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന 200ഓളം അനധികൃത ചീനവലകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് നോട്ടീസ് പതിച്ചു. രണ്ടാഴ്ചയ്ക്കകം നീക്കണമെന്ന നിർദേശിച്ചാണ് ചീനവലകൾക്കു പുറത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിരിക്കുന്നത്. ചെറുവള്ളങ്ങളിൽ എത്തിയാണ് ഉദ്യോഗസ്ഥർ നേരിട്ട് വലകളിൽ നോട്ടീസ് പതിച്ചത്.
കുമ്പളങ്ങി, കല്ലഞ്ചേരി കായലിലുകളിൽ ലൈസൻസില്ലാത്ത എഴുന്നൂറോളം ചീനവലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം ചീനവലകൾ കായലിലെ മത്സ്യസമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നതിനു കാരണമാകുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനും നടുക്കായലിൽ സ്ഥാപിച്ചിട്ടുള്ള വലകൾ തടസമാകുന്നു. ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരമുള്ള മുഴുവൻ നിയമങ്ങളും ലംഘിച്ചാണ് ഇത്തരം വലകൾ പ്രവർത്തിക്കു ന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൻകിട വ്യാപാരികൾ വരെ ആറും ഏഴും ചീനവലകളുടെ ഉടമകളാണെന്ന് ഫിഷറീസ് ഉദ്യോസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ളവരുടെ പട്ടിക ഇനംതിരിച്ച് തയാറാക്കും. നോട്ടീസ് കൈപ്പറ്റിയിട്ടും നീക്കം ചെയ്യാത്തവലകളുടെ ഉടമകൾക്കെതിരേ നിയമനടപടികൾ സ്വീകരിച്ച് ക്രിമിനൽ കേസെടുക്കാനും നീക്കമുണ്ട്. നിരന്തര പരാതിയെ തുടർന്നാണ് ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.
ചീനവലകളിലെ ജോലിക്കാർ കൂടുതലും ഇതരസ്ഥാനക്കാരാണ്. ഉൾനാടൻ മത്സ്യബന്ധന നിയമം അനുസരിച്ച് രാത്രികാലങ്ങളിൽ വേലിയേറ്റം നിലയ്ക്കുന്ന നിശ്ചിത സമയങ്ങളിൽ മാത്രമാണ് ചീനവല പ്രവർത്തിക്കുന്നതിനു അനുവാദമുള്ളത്. എന്നാൽ ഇവിടെയുള്ള വലകൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. ഹൈക്കോടതി വിധിയെ തുടർന്ന് 2003ൽ കുമ്പളങ്ങി കല്ലഞ്ചേരിക്കായലിൽ സ്ഥാപിച്ചിരുന്ന 150ഓളം ചീനവലകൾ ഫിഷറീസ് വകുപ്പും പോലീസും ചേർന്ന് പൊളിച്ചുനീക്കിയിരുന്നു.