തൊടുപുഴ: ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആലിയക്കുന്നേൽ ഹമീദി(79)നെ നാലു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും.
ഹമീദിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിനു പുറമെ കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കാനുണ്ടെന്നും പോലീസ് പറഞ്ഞു.
എല്ലാം പഴുതുകളും അടയ്ക്കാൻ
പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കാനുണ്ട്. മകനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇവരിൽ നിന്നും മൊഴിയെടുത്തതിനു ശേഷം ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരിക്കും പ്രതിയെ ചോദ്യം ചെയ്യുക.
പ്രതിയ്ക്ക് കേസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
തൊടുപുഴ ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. കോടതി റിമാൻഡ് ചെയ്ത ഹമീദ് പീരുമേട് സബ് ജയിലിലാണ്.
ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40) , മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണ് ഹമീദ് അതി ദാരുണമായി കൊലപ്പെടുത്തിയത്.
ഇതിനിടെ ഹമീദിൽ നിന്നും താനും ഭീഷണി നേരിട്ടിരുന്നുവെന്ന് മൂത്ത മകനായ ഷാജി വെളിപ്പെടുത്തി.മക്കളെ തീ കൊളുത്തി കൊല്ലുമെന്ന് പലരോടും പറഞ്ഞിരുന്നു.
പിതാവ് ജയിലിൽ നിന്നും പുറത്തിറങ്ങാതിരിക്കാൻ പരമാവധി നിയമ പോരാട്ടം നടത്തുമെന്നും ഷാജി പറഞ്ഞു.