ചീനിക്കുഴി: നാടിനെ നടുക്കിയ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിന് ഇന്ന് ഒരാണ്ട്.
സ്വത്തു തർക്കത്തെത്തുടർന്ന് ഗൃഹനാഥൻ മകനെയും മകന്റെ ഭാര്യയെയും രണ്ടു പേരക്കുട്ടികളെയും വീടിനു പെട്രോളൊഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹർ (16), അസ്ന (13) എന്നിവരെയാണ് പിതാവ് ഹമീദ് കൊലപ്പെടുത്തിയത്.
2022 മാർച്ച് 19നു പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. വളരെ ആസൂത്രിതമായാണ് ഹമീദ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
സംഭവദിവസം മുഹമ്മദ് ഫൈസലും ഭാര്യയും രണ്ടുമക്കളും ഒരുമുറിയിലായിരുന്നു കിടന്നിരുന്നത്. ഈ മുറി ഇവർ അകത്തുനിന്നു പൂട്ടിയിരുന്നു. മൂന്നു മുറികളുള്ള വീട്ടിലെ മറ്റൊരു മുറിയിലായിരുന്നു പ്രതി കിടന്നിരുന്നത്.
എല്ലാവരും ഉറങ്ങിയെന്നു മനസിലാക്കിയശേഷം മകനും മരുമകളും കൊച്ചുമക്കളും കിടന്നിരുന്ന മുറിയുടെ വാതിലിനടിയിലൂടെ പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി വലിച്ചെറിയുകയായിരുന്നു.
മുറിക്കുള്ളിൽ തീ ആളിക്കത്തിയതോടെ രക്ഷപ്പെടുന്നതിനായി ഇവർ ശുചിമുറിയിൽ കയറിയെങ്കിലും തുടരെത്തുടരെ വീണ്ടും പെട്രോൾ ഒഴിച്ച കുപ്പികൾ മുറിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞതിനാൽ കനത്ത തീയിലും പുകയിലും അകപ്പെട്ട് ഇവർ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
സംഭവദിവസംതന്നെ അറസ്റ്റിലായ ഹമീദ് കുറ്റം സമ്മതിച്ചു. കരിമണ്ണൂർ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. മുട്ടം സബ്ജയിലിൽ വിചാരണ കാത്തു കഴിയുകയാണ് എണ്‍പതുകാരനായ പ്രതി.