വൈക്കം: വടയാർ പാലത്തിനു സമീപം മനയ്ക്കൽ ചീപ്പ് സ്ഥാപിക്കാതിരുന്നതാണ് ഉദയനാപുരം പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പടിഞ്ഞാറെക്കര, വൈക്കപ്രയാർ, വല്ലകം, തുറുവേലിക്കുന്ന് എന്നിവിടങ്ങളിൽ ഒരാഴ്ച വെള്ളം കയറിയിരുന്നു.
മുവാറ്റുപുഴയാറ്റിലെ ജലനിരപ്പ് ഉയരുന്പോൾ ഉൾപ്രദേശങ്ങളിലേക്കു വെള്ളം കയറാതിരിക്കുന്നതിനു വേണ്ടി 1986ൽ ആണ് ചീപ്പ് സ്ഥാപിച്ചത്. തുടർന്നുള്ള കാലങ്ങളിൽ ചീപ്പ് പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായിരുന്നു.
മുവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് ഉയർന്നിട്ടും ഇത്തവണ പഞ്ചായത്ത് അധികൃതർ ചീപ്പ് സ്ഥാപിക്കാൻ തയാറാകാതെ വന്നതോടെ ആയിരക്കണക്കിനു കുടുംബങ്ങളാണ് വെള്ളത്തിലായത്.
വൻ കൃഷിനാശം സംഭവിച്ചതായും പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണ് ചീപ്പ് സ്ഥാപിക്കാതിരുന്നതിന്റെ പിന്നിലെന്നും മനയ്ക്കൽ ചീപ്പിൽ ഷട്ടർ സ്ഥാപിക്കുന്നതിനും തീരപ്രദേശത്തെ മണ്‍ചിറ ഉയർത്തി സംരക്ഷിക്കുന്നതിനും അധികൃതർ അടിയന്തി നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി. ബിൻസ് ആവശ്യപ്പെട്ടു.