മുക്കം: അപകടസാധ്യത ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ പരിഹാരം കാണാത്തതിന്റെ ഫലമായി കാരശേരി ചീപ്പാൻകുഴി കക്കാട് പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. തിങ്കളാഴ്ച രാത്രിയിലും വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായി. യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേന്ദമംഗല്ലൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച ആക്ടിവ സ്കൂട്ടർ ആഴമേറിയ തോട്ടിലേക്ക് മറിയുകയും യാത്രക്കാർ തെറിച്ചു വീഴുകയുമായിരുന്നു.
ഒരാൾ പാലത്തിന്റെ പൊട്ടിപ്പൊളിച്ച കൈവരിയുടെ കല്ലിൽ വസ്ത്രം കൊളുത്തി തുങ്ങിക്കിടക്കുകയായിരുന്നു. പെട്ടെന്ന് ഓടിയെത്തിയ കക്കാട് പാറക്കൽ നൗഷാദ് ഇവരെ റോഡിലേക്ക് വലിച്ചു കയറ്റിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. കാരശേരി, കക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചിപ്പാൻ കുഴി പാലം അപകടക്കെണിയായി മാറിയെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആറുമാസം മുന്പും ഇവിടെ അപകടം നടന്നിരുന്നു. ഭാഗ്യത്തിനാണ് അന്നും ഒരു ജീവൻ രക്ഷപ്പെട്ടത്.
അപകടത്തിൽ പെട്ട ലോറി, തലനാരിഴക്ക് ആഴമുള്ള തോട്ടിലേക്ക് മറിയാതെ കല്ലിലും കൈവരിയിലുമായി തങ്ങിനിൽക്കുകയായിരുന്നു. പാലത്തിന്റെ കൈവരിയും ഭിത്തിയുമെല്ലാം പൊളിഞ്ഞു കിടക്കുകയാണ്. നോർത്ത് കാരശേരി ചെറുവാടി റോഡ് (എൻ.എം. ഹുസയിൻ ഹാജി റോഡ്) യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് പുനരുദ്ധരിച്ചപ്പോൾ റോഡ് വീതി കൂട്ടിയിരുന്നു. ഇതോടെയാണ് ഈ റോഡിന് ശാപമോക്ഷമുണ്ടായതും ഗതാഗതം സുഗമമായതും.
മലയോര മേഖലയിലെ മികച്ച റോഡായി ഇത് മാറി. എന്നാൽ പാലം പഴയ രൂപത്തിൽ തന്നെ നിലനിൽക്കുകയാണ്. വീതി കൂടിയ റോഡിൽ നിന്ന് വീതി കുറഞ്ഞ പാലത്തിലേക്ക് പെട്ടെന്ന് പ്രവേശിക്കുമ്പോൾ വാഹനങ്ങൾ തോട്ടിലേക്ക് മറിയുകയാണ്. റോഡിന് അനുസൃതമായി പാലവും വീതി കൂട്ടുകയേ പരിഹാരമുള്ളൂ.
പാലം ഏറെ പഴക്കമുള്ളതുമാണ്. അതിനാൽ പാലം പുനർനിർമിച്ച് അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിലാകട്ടെ സൂചനാബോർഡുകൾ പോലും സ്ഥാപിച്ചിട്ടുമില്ല. അധികൃതരുടെ കെടുകാര്യസ്ഥത തുടർന്നാൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.