അയ്മനം: വേന്പനാട്ട് കായലിൽ ആന്പൽ വസന്തം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി കുമരകം ചീപ്പുങ്കലിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്നു. വിനോദസഞ്ചാര വകുപ്പും അയ്മനം പഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും ചേർന്ന് നടപ്പാക്കുന്ന പുതിയ പദ്ധതികൾ ഇന്ന് വൈകുന്നേരം അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അയ്മനം വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് പ്രമോഷണൽ വീഡിയോ പ്രകാശനവും ആധുനിക സാങ്കേതിക വിദ്യയിൽ നിർമിച്ച ടോയ്ലെറ്റ് ഓണ്‍ വീൽ സമർപ്പണവും മന്ത്രി നിർവഹിക്കും.കവണാറ്റിൻകരയിൽ നടക്കുന്ന ചടങ്ങിൽ കെ. സുരേഷ്കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും.
വി.എൻ. വാസവൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, മറ്റ് തദ്ദേശ ജനപ്രതിനിധികൾ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ, പഞ്ചായത്ത് സെക്രട്ടറി എൻ. അരുണ്‍കുമാർ, ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ വി.എസ്. ഭഗത്സിംഗ് തുടങ്ങിയവർ പ്രസംഗിക്കും.
വിനോദസഞ്ചാരികൾക്കായി മൊബൈൽ ശുചിമുറി
അയ്മനം: അയ്മനത്തെ ചീപ്പുങ്കൽ വിനോദസഞ്ചാര മേഖലയിൽ സന്ദർശകർക്കായി ഇനി സഞ്ചരിക്കുന്ന ശുചിമുറിയും. സ്ഥിരം ടോയ്ലെറ്റുകൾ സ്ഥാപിക്കാനുള്ള സ്ഥല ദൗർലഭ്യം കണക്കിലെടുത്താണ് അയ്മനം പഞ്ചായത്ത് സഞ്ചരിക്കുന്ന സംവിധാനം ഏർപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചിന് മന്ത്രി കടകംപ്പളളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
സൗരോർജ്ജമുപയോഗിച്ചാണ് ശുചിമുറി പ്രവർത്തിക്കുക. നാല് ടോയ്ലെറ്റുകൾ, രണ്ട് യൂറിനലുകൾ, രണ്ട് കുളിമുറികൾ, രണ്ട് വാഷ് ബേസിനുകൾ, സെൻസർ ടാപ്പുകൾ എന്നിവയാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് മാലിന്യ സംസ്കരണം. ആയിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കും 1300 ലിറ്റർ ശേഷിയുള്ള മാലിന്യ ടാങ്കുമുണ്ട്. വാഹനത്തെ ജിപിഎസ് മുഖേന ട്രാക്ക് ചെയ്യാനും സാധിക്കും. 10 ലക്ഷം രൂപയാണ് ചെലവ്.