കാടുകയറിക്കിടന്ന ഒരേക്കറിലധികം വരുന്ന തരിശുഭൂമിയിൽ ചീര വിളയിച്ചു വിസ്മയം തീർത്തു വനിതാ കൂട്ടായ്മ. രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരി അഞ്ചീശ്വര ജെഎൽവി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിലൂടെ നാട്ടുകാരെ അദ്ഭുതപ്പെടുത്തിയത്.
അഞ്ചീശ്വര മഹാവിഷ്ണു ക്ഷേത്രത്തേിനു സമീപമുള്ള ഇടത്തിൽ പുരയിടത്തിലാണ് ചീരകൃഷി നടത്തിയത്. ഈ പുരയിടം വർഷങ്ങളായി ഉപയോഗമില്ലാതെ കാടുപിടിച്ചുകിടക്കുകയായിരുന്നു. ആളനക്കമില്ലാത്ത പുരയിടത്തിൽ ഇഴജന്തുക്കൾ കൂടി പെരുകിയത് നാട്ടുകാരുടെ ഉറക്കം കെടിത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുരയിടത്തിൽ കൃഷിയിറക്കാമെന്ന ആശയം വനിതാ കൂട്ടായ്മയുടെ മനസിലുദിച്ചത്. തുടർന്ന് അനുയോജ്യമെന്നു തോന്നിയ ചീരകൃഷി തെരഞ്ഞെടുക്കുകയായിരുന്നു.
ലത മധു, സിന്ധു സന്തോഷ്, ബിന്ദു സന്തോഷ്, ടി. തങ്കമണി, അന്നമ്മ ജോസഫ്, സുനന്ദ അജികുമാർ എന്നീ ആറംഗ സംഘമാണ് ചീരകൃഷിയിറക്കിയത്. കൃഷിയിറക്കുന്നതിനു മുന്നോടിയായി കാടുവെട്ടിത്തെളിച്ചു. ഇത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പൂർണമായും ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.
ഇതുമൂലം ചീരയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തഴച്ചുവളർന്ന ചീരകൃഷിയുടെ വിളവെടുപ്പു ജോലികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രമ്യാ സജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജുമോൻ, പഞ്ചായത്തംഗം സജീവ് ഉതുംതറ എന്നിവർ പ്രസംഗിച്ചു.