മാന്നാര്‍: കൃഷിയില്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ് അനില്‍കുമാര്‍. മണ്ണില്‍ മാത്രമല്ല ബഹുനില കെട്ടിടത്തിനു മുകളിലും കൃഷി നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് അനില്‍. പരുമല അഖിലാ ഭവനത്തില്‍ അനില്‍കുമാറാ(57) ണ് വിസ്തൃതമായി കടയുടെ ടെറസില്‍ ചീരക്കൃഷിയിലൂടെ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.
കായംകുളം-തിരുവല്ല സംസ്ഥാനപാതയില്‍ മാന്നാര്‍ ടൗണിന്റെ നടുവിലെ ബഹുനില കെട്ടിടത്തിനു മുകളിലാണ് ചീരക്കൃഷി നടത്തി വിജയം കൊയ്തത്.മാന്നാര്‍ കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മി മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അനില്‍കുമാര്‍ സ്ഥാപനത്തിന്റെ മുകള്‍നിലയില്‍ ഗ്രോബാഗുകളിലാണ് ചീരക്കൃഷി ചെയ്ത് വിജയഗാഥ രചിച്ചത്.
കടയിലെ ജോലിക്കിടയില്‍ കിട്ടുന്ന ഇടവേളകളാണ് കൃഷിക്കായി വിനിയോഗിച്ചത്. രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ മുകളില്‍ കയറി ചീരയ്ക്ക് ആവശ്യമായ വെള്ളം ഏറെ പണിപ്പെട്ട് താഴെനിന്നു ബക്കറ്റുകളില്‍ മുകളിലേക്കെത്തിക്കും.
കടയില്‍ തിരക്കില്ലാത്ത സമയങ്ങളിലും ഇടയ്ക്കിടെ തന്റെ കൃഷിയിടത്തില്‍ അനില്കുമാറെത്തും. ലക്ഷ്മി മെറ്റല്‍സ് ഉടമ സന്തോഷ് കുട്ടപ്പന് എല്ലാ പിന്തുണയും നല്കി അനിലിനൊപ്പമുണ്ട്.
കെട്ടിടത്തിന്റെ മുകളില്‍ ഒരു വശത്തു മാത്രം ഒതുങ്ങിയിരുന്ന കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനാണ് അനില്‍കുമാറിന്റെ ശ്രമം.പയറും പാവലും കൃഷിക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിലെ സുഹൃത്തുകള്‍ക്ക് കഴിഞ്ഞ ദിവസം ചീര സൗജന്യമായി നല്‍കിയതോടെയാണ് അനില്‍കുമാറിന്റെ ചീരക്കൃഷി പുറംലോകം അറിഞ്ഞത്.
മൂന്നു പതിറ്റാണ്ടോളം ഡ്രൈവറായും കണ്ടക്ടറായും സ്വകാര്യ ബസില്‍ ജോലി ചെയ്തിരുന്ന അനില്‍കുമാര്‍ ആറുമാസങ്ങള്ക്കുമുമ്പാണ് ലക്ഷ്മി മെറ്റല്‍സില്‍ ജോലിക്കായെത്തിയത്.
കൃഷിയോട് ഏറെ താത്പര്യമുള്ള അനില്‍കുമാറിന്റെ പരുമലയിലെ വീട്ടുവളപ്പിലും പയറും പാവലും പടവലവുമൊക്കെ സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുന്നുണ്ട്. അനിലകുമാരിയാണ് ഭാര്യ.
ഡൊമിനിക് ജോസഫ്