പഴയന്നൂർ: കർഷകരുടെ ആശങ്കകൾക്ക് പരിഹാരമായി ചീരക്കുഴി കനാലിലൂടെ വെള്ളം തുറന്നുവിട്ടു.ബുധനാഴ്ച അർദ്ധരാത്രിമുതലാണ് വെള്ളം ഒഴുക്കിവിട്ടത്.ചീരക്കുഴി ഡാമിലെ താത്കാലിക തടയണ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനായത് യു.ആർ. പ്രതീപ് എംഎൽഎയുടെ ഇടപെടലുകളാണ്.
50 സെന്റീമീറ്റർ ഉയരത്തിലാണ് കനാലിലൂടെ ഇപ്പോൾ വെള്ളം ഒഴുകുന്നത്.ക്രമേണ അത് 90 സെന്റീമീറ്റർ വരെ ഉയർത്താൻ നടപടി സ്വീകരിക്കും.അതിനായി മംഗലം ഡാമിൽ നിന്നും വെള്ളം ലഭ്യമാക്കുന്നതിന് എംഎൽഎ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഉറപ്പും നേടി.ഗായത്രിപ്പുഴയിൽ വേണ്ടത്ര നീരൊഴുക്കില്ലെന്ന് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണിത്.
കർഷകരുടെ ആവശ്യമറിഞ്ഞ് പ്രയത്നിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും എംഎൽഎ നേരിട്ടഭിനന്ദിച്ചു.പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ,വൈസ് പ്രസിഡന്റ് എം പത്മകുമാർ,പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ,വൈസ് പ്രസിഡന്റ് കെ പി ശ്രീജയൻ,എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വി പുഷ്പരാജ് തുടങ്ങിയവർ എംഎൽഎയോടൊപ്പമുണ്ടായിരുന്നു.