വീടുകളിൽ പട്ടിയെയും പൂച്ചയെയും വളർത്തുന്നത് സാധാരണയാണ്. അരുമകളായ ഈ വളർത്തുമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇത്തരം വീഡിയോകൾക്ക് ആസ്വാദകരേറെയാണ്.
എന്നാൽ ഈ വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ ഒരു ചീറ്റപ്പുലിയെ വളർത്തിയാൽ എന്തായിരിക്കും അവസ്ഥ. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീട്ടിൽ ഓമനിച്ച് വളർത്തിയ പുലി തന്നെ തലോടാനെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
നൗമാൻ ഹസനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാർക്കിടയിൽ ഒരു സോഫയിൽ ഇരിക്കുന്ന ചീറ്റയെ വീഡിയോയിൽ കാണാം. ഹസ്സ ചീറ്റയെ തലയിലും മുതുകിലും തലോടി ലാളിക്കാൻ ശ്രമിക്കുമ്പോൾ, ചീറ്റ പ്രകോപിതനാകുകയും അയാളുടെ ചെവിക്ക് സമീപം തല്ലുകയും ചെയ്യുന്നു.
ഇയാൾക്ക് എന്തെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ സംഭവത്തിന് പിന്നാലെ യുവാവ് മൃഗത്തിന്റെ അരികിൽ നിന്ന് അകന്നുപോകുന്നതായി കാണിക്കുന്നുണ്ട്. ‘ചീറ്റ അറ്റാക്ക്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ 2.3 ദശലക്ഷം ലൈക്കുകളും 173 ദശലക്ഷം വ്യൂസും നേടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഇൻഫ്ലുവൻസർക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. കടുവകളും പാമ്പുകളും മുതലകളും ഉൾപ്പെടെ നിരവധി വന്യമൃഗങ്ങളുടെ വീഡിയോകൾ നൗമാൻ ഹസ്സൻ പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും പുതിയ വീഡിയോയിൽ, അയാൾ മറ്റൊരാളോടൊപ്പം ഒരു സോഫയിൽ ഇരിക്കുന്നതും ചീറ്റ അവൻ്റെ അരികിൽ ഇരിക്കുന്നതുമാണ് കാണിക്കുന്നത്.
വന്യമൃഗങ്ങളെ ഇത്തരത്തിൽ വളർത്തുന്നതിന് സോഷ്യൽ മീഡിയയിൽ ഇയാൾ നിരന്തരം വിമർശനങ്ങൾ നേരിടുന്നുണ്ട്. വന്യമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് ജീവിക്കേണ്ടതെന്നും പലരും അഭിപ്രായപ്പെട്ടു. ‘ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആളുകൾ വന്യജീവികളെ വീട്ടിലെ വളർത്തുമൃഗങ്ങളായി സൂക്ഷിക്കുന്നവരാണ്, പണത്തിന് ക്ലാസോ ധാർമ്മികതയോ വാങ്ങാൻ കഴിയില്ല’ എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.