കുനോ ദേശീയോദ്യാനത്തില്‍ നിന്ന് പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ ഉത്തര്‍പ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നതായി സൂചന.
ഈ രണ്ടു ചീറ്റകളെക്കുറിച്ചുള്ള വിവരം ഉത്തര്‍പ്രദേശ് വനംവകുപ്പ് മധ്യപ്രദേശ് വനംവകുപ്പിനോട് തേടിയിട്ടുണ്ട്.
അതേ സമയം കുനോ ദേശീയോദ്യാനത്തില്‍ നിന്നും പുറത്തു ചാടിയ രണ്ട് ചീറ്റകള്‍ നിലവില്‍ മധ്യപ്രദേശ് മേഖലയിലേക്ക് തന്നെ തിരികെ എത്തുന്നതായും നിഗമനമുണ്ട്.
ഉദ്യോഗസ്ഥരോട് ജാഗരൂകരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് വനംവകുപ്പ് പ്രതികരിച്ചു.
രണ്ട് ചീറ്റകള്‍ തിരികെ മധ്യപ്രദേശിലെത്തുന്നത് വരെ ജാഗ്രതാ നിര്‍ദേശം പ്രാബല്യത്തില്‍ തുടരുമെന്നും വനം വകുപ്പ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വനംവകുപ്പ് അധികൃതരുടെ വെര്‍ച്വല്‍ മീറ്റിങ്ങും നടത്തിയിരുന്നു.
റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കൈകൊള്ളുക ചീറ്റ പ്രൊജ്ക്ട് സ്റ്റിയറിങ് കമ്മിറ്റിയായിരിക്കും.
ഇര തേടലിനും മറ്റുമായി വിശാലമായ പുല്‍പ്രദേശം ചീറ്റകള്‍ക്ക് അനിവാര്യമാണ്. ചീറ്റകള്‍ക്ക് അനുയോജ്യമായ ഇത്തരം മേഖലകള്‍ ഉത്തര്‍പ്രദേശില്‍ കുറവാണെന്നും വനംവകുപ്പ് പറയുന്നു.
മുന്‍പ് കുനോ ദേശീയോദ്യാനത്തില്‍ നിന്ന് കടന്ന ഒബനെന്ന ആണ്ചീറ്റയെ മയക്കുവെടി വെച്ച് തിരികെ ദേശീയോദ്യാനത്തിലെത്തിച്ചിരുന്നു.
പ്രൊജ്ക്ട് ചീറ്റയുടെ ഭാഗമായി രണ്ടു ബാച്ചുകളിലായി 20 ചീറ്റകള്‍ രാജ്യത്തെത്തിയിരുന്നു. എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണെത്തിയത്.
20 ചീറ്റകളുമായി രണ്ടാം ബാച്ച് ഈ വര്‍ഷം ഫെബ്രുവരി 18-നുമെത്തി. അസുഖബാധിതരും മറ്റുമായി മൂന്ന് ചീറ്റകളാണ് ഇതുവരെ ചത്തത്.
മാര്‍ച്ചില്‍ ജ്വാല എന്ന പെണ്‍ചീറ്റയ്ക്ക് പിറന്ന മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ചത്തിരുന്നു. 1952-ലാണ് ഇന്ത്യയില്‍ ഏഷ്യാറ്റിക് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.