ഭോപാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലേക്ക് വിരുന്നെത്തിയ ചീറ്റകളിലൊന്ന് ഗർഭിണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി “ആശ’ എന്ന് പേരിട്ട ചീറ്റയാണ് ഗർഭലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്.
കുനോ വന്യജീവി സങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റ ഗർഭകാലത്തുള്ള ശാരീരിക-മാനസിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ശരീരത്തിൽ ഹോർമോൺ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
എന്നാൽ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണമെന്നും പ്രോജക്ട് ചീറ്റ അധികൃതർ അറിയിച്ചു.
നമീബിയയിലെ വനത്തിൽ അധിവസിച്ചിരുന്ന ചീറ്റയായതിനാൽ ഗർഭാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർത്തു.
അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും ചീറ്റയെ പൂർണ ഏകാന്തവാസത്തിന് വിടുമെന്നുമാണ് സൂചന.
ജനനസമയത്ത് 245 ഗ്രാം മുതൽ 425 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞ് ചീറ്റകൾക്ക് കാഴ്ചശക്തി പതിയെ മാത്രമാണ് ലഭിക്കുക. ജനിച്ച് ഒന്നര വർഷത്തോളം അമ്മയോടൊപ്പം കഴിഞ്ഞ ശേഷമാണ് ചീറ്റകൾ തനിയെ ജീവിക്കാൻ തുടങ്ങുക.