കൊച്ചി: നഗരത്തിലെ സ്വകാര്യ ലോഡ്ജുകൾ കേന്ദ്രീകരിച്ചു വൻതുകവച്ചു ചീട്ടുകളി നടത്തി വന്നിരുന്ന സംഘം പ്രവർത്തിച്ചതു പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തങ്ങളിലേക്കു പോലീസിന്റെ ശ്രദ്ധ മാറിയ സന്ദർഭം മുതലെടുത്ത്. ചീട്ടുകളി നടത്തി വരികയായിരുന്ന രണ്ടു സംഘങ്ങളിൽപ്പെട്ട 13 പേരെയാണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. രണ്ട് സംഘങ്ങളിൽനിന്നുമായി മൂന്നേകാൽ ലക്ഷം രൂപയും മുന്തിയ ഇനം വിദേശമദ്യക്കുപ്പികളും നിരവധി മൈാബൈൽ ഫോണുകളും വിദേശനിർമിത ചീട്ടുകളും പോലീസ് കണ്ടെടുത്തിരുന്നു.
തൃക്കാക്കര സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ലോഡ്ജിൽനിന്നു തമ്മനം സ്വദേശികളായ സനൽ (37), സിയാദ് (43), തലയോലപ്പറന്പ് സ്വദേശി ഷുക്കൂർ (47), മുളവുകാട് സ്വദേശി രാജേഷ് (47) എന്നിവരും നോർത്ത് റെയിവേ സ്റ്റേഷനു സമീപമുള്ള നക്ഷത്ര ഹോട്ടലിൽനിന്നു പോണേക്കര സ്വദേശി റസീക്ക്(37), കൊല്ലം സ്വദേശി ഷാനവാസ് (38), കലൂർ സ്വദേശികളായ നിഷാദ് (43), സാദിക്ക് (44), അസീസ്(45), കാക്കനാട് സ്വദേശി മജീദ് (44), എളമക്കര സ്വദേശി ഷെഫീസ് (57), പോണേക്കര സ്വദേശി നൗഷാദ് ഇസ്മായിൽ, എസ്ആർഎം റോഡിൽ താമസിക്കുന്ന കെ.എസ്. നൗഷാദ് എന്നിവരുമാണു പിടിയിലായത്.
പിടിയിലായവർ എല്ലാം തന്നെ മുൻപും ചൂതാട്ട കേസുകളിൽപ്പെട്ടവരാണെന്നു പോലീസ് പറഞ്ഞു. നേരത്തേ പോലീസിന്റെ ശക്തമായ നടപടികളെത്തുടർന്ന് ഇത്തരം ചൂതാട്ട സംഘങ്ങൾ എല്ലാം തന്നെ നഗരത്തിനു പുറത്തേയ്ക്കു പ്രവർത്തനം മാറ്റിയിരിക്കുകയായിരുന്നു. പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തങ്ങളിലേക്കു പോലീസിന്റെ ശ്രദ്ധ മാറിയ സന്ദർഭം മുതലെടുത്താണു സംഘം വീണ്ടും നഗരത്തിലേക്കു പ്രവർത്തനം മാറ്റിയത്.
വൻ സംഘങ്ങൾ നഗരത്തിൽ തന്പടിച്ച് വൻതോതിൽ പണംവച്ച് ചൂതാട്ടങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു ലഭിച്ച വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നിർദേശാനുസരണം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണു പ്രതികൾ പിടിയിലായത്.