കണ്ണൂർ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര ഓഗസ്റ്റ് ഒന്നിന് കണ്ണൂരിൽ എത്തും. സ്വതന്ത്ര ക്യൂബയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും നേപ്പാളിലുമായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്ന അലൈഡയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയാണിതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നിന് രാവിലെ 7.45 ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തുന്ന ഡോ. അലൈഡയ്ക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വരവേല്പ് നൽകും. വൈകുന്നേരം നാലിന് കണ്ണൂർ എകെജി സ്ക്വയറിൽനിന്ന് ഡോ. അലൈഡയെ സ്വീകരിച്ച് സമ്മേളനവേദിയായ ടൗൺ സ്ക്വയറിലേക്ക് ആനയിക്കും. ഉച്ചകഴിഞ്ഞു മൂന്നുമുതൽ ടൗൺ സ്ക്വയറിലെ വേദിയിൽ ചെഗുവേരയെക്കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചുതുടങ്ങും.
1959 ജൂലൈ ഒന്നിന് ഇന്ത്യയിലെത്തിയ ഏണസ്റ്റോ ചെഗുവേരയുടെ സന്ദർശനത്തിന് കൃത്യം 60 വർഷം തികയുമ്പോഴാണ് മകൾ അലൈഡയുടെ സന്ദർശനം. ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. എം.എ.ബേബി അധ്യക്ഷത വഹിക്കും.
സമത പ്രസിദ്ധീകരിക്കുന്ന ലാറ്റിനമേരിക്കൻ ജീവിതവും സംസ്കാരവും രാഷ്ട്രീയവും സംബന്ധിച്ച 10 പുസ്തകങ്ങളടക്കം 14 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പത്രസമ്മേളനത്തിൽ പ്രഫ.ടി.എ .ഉഷാകുമാരി, കരിവെള്ളൂർ മുരളി, കെ.എം.ഷാജർ, പി.കെ.ബൈജു എന്നിവർ പങ്കെടുത്തു.