തലശേരി: കള്ളപ്പണം, മയക്കുമരുന്ന് വിപണം, സ്വർണക്കടത്ത് തുടങ്ങിയവയുടെ മലബാറിലെ അധോലോക ആസ്ഥാനമായി തലശേരി നഗരം മാറുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള “ചെക്കൻ ” എന്നറിയപ്പെടുന്നയാളും തലശേരി കേന്ദ്രീകരിച്ച് കോടികളുടെ ഇടപാടാണ് നടത്തുന്നത്.
കോടികൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഈ തുകയുടെ ഉറവിടം തേടാൻ അധികൃതർ തയാറാകാത്തത് ദുരൂഹതയുളവാക്കുന്നുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തള്ളിപ്പറയാൻ തയാറായിട്ടുള്ള രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളുടെ ഒത്താശയോടെയാണ് അധോലോകം തലശേരിയിൽ പിടിമുറുക്കിയിരിക്കുന്നത്.
മുംബൈ ബന്ധമുള്ള തലശേരിയിൽ പ്രവർത്തിക്കുന്ന ഹവാല സംഘത്തിന്റെ അഞ്ച് കോടി രൂപ കോയമ്പത്തൂരിൽ വെച്ചും രണ്ടരക്കോടി രൂപ കാസർഗോഡ് വെച്ചും പത്ത് ലക്ഷം രൂപ പാനൂരിൽ വെച്ചും കൊള്ളയടിക്കപ്പെട്ടിരുന്നു. ഈ തുകകളെല്ലാം കൊള്ളയടിച്ചത് തലശേരി, പാനൂർ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ക്രിമിനൽ സംഘങ്ങളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
റിപ്പോർട്ട് ചെയ്യപ്പെടാത്ത സമാനമായ നിരവധി സംഭവങ്ങളും നടന്നിട്ടുണ്ട്. തലശേരി ഫ്ലൈ ഓവറിൽ വെച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം റിപ്പോർട്ട് ചെയ്തെങ്കിലും പരാതിക്കാരൻ രംഗത്തു വന്നില്ല. സമാനമായ സംഭവം മട്ടന്നൂരിലും വടകരയിലും നടന്നിരുന്നു. ചില സ്ഥലങ്ങളിൽ കൊള്ളയടിക്കപ്പെടുന്ന സ്വർണവും പണവുമെല്ലാം ചില ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് തിരിച്ചു വാങ്ങി കൊടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പാനൂരിൽ ഹവാല പണം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുക്കേണ്ടി വന്നു. തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഏതാനും പ്രതികളെ പിടികൂടിയെങ്കിലും മറ്റ് പ്രതികൾക്ക് രാഷ്ട്രീയ അഭയം ലഭിച്ചതും നാട്ടിൽ പാട്ടാണ്. തലശേരിയിൽ ഇതിനകം ഒരു ജ്വല്ലറി ഉടമ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തുമ്പുണ്ടായിട്ടില്ല. ഇതിനു പുറമെയാണ് രണ്ട് ജ്വല്ലറി ഉടമകൾ നഗര മധ്യത്തിൽ വെച്ച് കൊള്ളയടിക്കപ്പെട്ടത്. ഇതിൽ ഒരു കേസിൽ മാത്രമാണ് പ്രതികൾ അറസ്റ്റിലായത്.
കോടി ക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളാണ് തലശേരി കേന്ദ്രീകരിച്ച് നടക്കുന്നത്. നഗരത്തിലെ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തന്നെ ഹവാല ഇടപാടുകൾ നടത്താനാണെന്നും നേരത്തെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹവാല-സ്വർണ ഇടപാടുകൾക്ക് പുറമെ ലഹരി മാഫിയയും തലശേരിയിൽ പിടിമുറുക്കി കഴിഞ്ഞു. ലോക വിപണിയിൽ ലഭിക്കുന്ന ലഹരി വസ്തുക്കളെല്ലാം തന്നെ തലശേരിയിലും ഇപ്പോൾ ലഭ്യമാണെന്നത് വസ്തുതയാണ്. ദമ്പതികൾ ഉൾപ്പെടെ നിയന്ത്രിക്കുന്ന തലശേരിയിലെ ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ക്വട്ടേഷൻ സംഘം നഗരത്തിലെത്തിയിരുന്നു. ദമ്പതികളുടെ മകനെ ലക്ഷ്യം വച്ചെത്തിയ ക്വട്ടേഷൻ സംഘത്തിൽ നിന്നും ഇരയെ സാഹസികമായി പോലീസ് മുൻ കൈയെടുത്താണ് രക്ഷപെടുത്തിയത്.